03
May 2026
Sun
03 May 2026 Sun
AIR ARABIA

ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനം ലാന്‍ഡ് ചെയ്ത ഉടനെ യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് ചാടി. ഇന്ന് പുലര്‍ച്ചെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വേ താല്‍ക്കാലികമായി അടച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജയില്‍ നിന്നുള്ള G9471 വിമാനം പുലര്‍ച്ചെ 3.23 നാണ് ചെന്നൈയില്‍ ലാന്‍ഡ് ചെയ്തത്. വിമാനം ടാക്‌സിവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കെ, പുലര്‍ച്ചെ 3.25 ഓടെ പുതുക്കോട്ട സ്വദേശിയായ മുഹമ്മദ് ഷെരീഫ് മുഹമ്മദ് നജ്മുദ്ദീന്‍ (29) എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ പ്രധാന റണ്‍വേ ഉടന്‍ അടച്ചു. പുലര്‍ച്ചെ 4.35 ഓടെയാണ് റണ്‍വേ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.

റണ്‍വേ അടച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍ നിന്നുള്ള ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. അഹമ്മദാബാദ്, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം വിമാനങ്ങള്‍ 40 മിനിറ്റോളം വൈകി. ഷാര്‍ജയിലേക്കുള്ള മടക്ക വിമാനം മൂന്നു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്.

എയര്‍ലൈന്‍ ജീവനക്കാര്‍ പിടികൂടിയ യാത്രക്കാരനെ പൊലീസിനു കൈമാറി. തന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. സുരക്ഷാ ഏജന്‍സികള്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. റണ്‍വേ അടച്ച സമയത്ത് ചില വിമാനങ്ങള്‍ സെക്കന്‍ഡറി റണ്‍വേ വഴി തിരിച്ചുവിട്ടതിനാല്‍ വലിയ തോതിലുള്ള യാത്രാ തടസങ്ങള്‍ ഒഴിവായി.