30
May 2023
Tue
30 May 2023 Tue

കൊച്ചി: ആശുപത്രികളിൽ ഡോക്ടർമാർക്കെതിരായ ആക്രമണം തുടരുന്നു. കളമശേരി മെഡിക്കൽ കോളജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗി പിടിയിലായി. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11നായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെത്തിയതായിരുന്നു ഡോയൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചികിത്സ നൽകുന്നതിനിടെ ഇയാൾ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മെഡിക്കൽ കോളജിലെ ഡോ. ഇർഫാൻ ഖാൻ നൽകിയ പരാതിയിൽ പറയുന്നു. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്.

ആശുപത്രിയിലെത്തിയത് മുതൽ അസ്വാഭാവികമായിട്ടായിരുന്നു ഡോയലിന്റെ പെരുമാറ്റം. ജീവനക്കാരോട് തട്ടിക്കയറിയ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിമാറ്റി. ചികിത്സിക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഇർഫാൻ എത്തിയപ്പോൾ പ്രതി ആക്രമിക്കുകയും മുഖത്തടിക്കുകയുമായിരുന്നു.

അതിനു ശേഷവും പ്രതി ആശുപത്രിക്കുള്ളിൽ ബഹളം വച്ചു. ഇതോടെ ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചികിത്സയ്ക്കെത്തിച്ചയാൾ കുത്തിക്കൊന്നിരുന്നു. കോട്ടയം കുറുപ്പുന്തറ സ്വദേശിനി ഡോ. വന്ദനയാണ് കൊല്ലപ്പെട്ടത്.

ലഹരിക്കടിമയായ പൂയപ്പള്ളി സ്വദേശി ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് കുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുൽഫിക്കറിനെ അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ഇയാള്‍ പരാക്രമം കാണിച്ചത്. കേച്ചേരി എസ്ബിഐ ബാങ്കിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശി പ്രവീൺ ആണ് നെടുങ്കണ്ടം ആശുപത്രിയിൽ ആക്രമണം നടത്തിയത്.

മെയ് 10ന് രാത്രിയാണ് സംഭവം. മദ്യപിച്ച് അടിപിടിയുണ്ടാക്കി പരിക്കേറ്റതിനെ തുടർന്ന് പൊലീസ് എത്തിച്ച ഇയാൾ ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.