15
Sep 2023
Mon
15 Sep 2023 Mon

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും, നാളെ മുതല്‍ പുതിയ മന്ദിരത്തില്‍; പുതുക്കിയ അജണ്ടയിലും ഭാരതം, വനിതാ ബില്ലുകളില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെക്കുറിച്ച് പ്രത്യേക ചര്‍ച്ചയാണ് ഇന്ന് നടക്കുക. സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലമെന്റ് ചരിത്രം, രാജ്യത്തിന്റെ നിലവിലെ സാഹചര്യം, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടാകും.

ചര്‍ച്ച ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വെക്കും എന്നാണ് സൂചന. രാജ്യസഭയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. വിനായക ചതുര്‍ഥി ദിനമായ നാളെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും.

പുതുക്കിയ അജണ്ടയിലെ 8 ബില്ലുകളില്‍ വനിത സംവരണ ബില്ലും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി മാറ്റുന്ന ബില്ലും ഉള്‍പ്പെടുത്തിയിട്ടില്ല. വനിത സംവരണ ബില്‍ പാസാക്കണമെന്ന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേ സമയം ‘ഭാരത്’ പരാമര്‍ശം പുതുക്കി അജണ്ടയില്‍ ഇടംപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ചര്‍ച്ച ഭാരതത്തെ വികസിത രാജ്യമാക്കാന്‍ വേണ്ടിയുള്ളതെന്നാണ് അജണ്ടയിലെ പരാമര്‍ശം. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ മുന്നണി രാവിലെ പാര്‍ലമെന്റില്‍ യോഗം ചേരും.

പുതുക്കിയ അജണ്ടയിലെ എട്ടു ബില്ലുകളില്‍ വനിത സംവരണ ബില്ലില്ലെന്നത് ശ്രദ്ധേയമാണ്. മുപ്പത്തി നാല് പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലും പ്രധാന ആവശ്യമായി ഉയര്‍ന്നത് വനിത സംവരണ ബില്ലായിരുന്നു. യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക് സഭയിലെത്തിയിരുന്നില്ല. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയടക്കം വനിത സംവരണ ബില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക