കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ജയില്‍മോചിതരായത്. കേസില്‍ സിബിഐ കോടതി ശിക്ഷിച്ച നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് രാവിലെ പ്രതികള്‍ പുറത്തിറങ്ങിയത്.
|
രാവിലെയോടെ ഹൈക്കോടതി ഉത്തരവ് ജയിലില്‍ എത്തിച്ചാണ് പ്രതികളെ പുറത്തിറക്കിയത്. കുഞ്ഞിരാമനെ കൂടാതെ രാഘവന്‍ വെളുത്തോളി, കെ മണികണ്ഠന്‍, കെ വി ഭാസ്‌കരന്‍ എന്നിവരാണ് മോചിതരായത്. അഞ്ച് വര്‍ഷം തടവും 10,000 രൂപവീതം പിഴയുമാണ് സിബിഐ കോടതി ഇവര്‍ക്ക് വിധിച്ചിരുന്നത്.
പ്രതികള്‍ക്ക് ജയിലിവന് പുറത്തുവച്ച് വന്‍ സ്വീകറണമാണ് ലഭിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതികളെ സ്വീകരിച്ചു.
സിപിഎമ്മിനെതിരായി കെട്ടിപ്പൊക്കിക്കൊണ്ടു വന്ന നുണയുടെ കോട്ടയാണ് ഹൈക്കോടതി വിധിയോടെ പൊളിഞ്ഞതെന്ന് മോചിതനായ കുഞ്ഞിരാമന്‍ ജയിലിന് പുറത്തുവച്ച് പ്രതികരിച്ചു. കേസില്‍ ഞങ്ങളെ പ്രതി ചേര്‍ക്കുമ്പോഴും കുറ്റക്കാരാണെന്ന് പറഞ്ഞപ്പോഴും സിബിഐ കോടതി ശിക്ഷിച്ചപ്പോഴും ഒന്നും പ്രതികരിച്ചിരുന്നില്ല. കോടതിയില്‍ വിശ്വാസമുള്ളതിനാല്‍, നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതികരണത്തിന് മുതിരാതിരുന്നതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.
Periya double murder: Four accused released from prison


