21
May 2025
Fri
21 May 2025 Fri
SAND MINING

തിരുവനന്തപുരം: 10 വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ നദികളില്‍നിന്ന് മണല്‍വാരാന്‍ വീണ്ടും അനുമതി. (Permission granted to extract sand from rivers in Kerala) റവന്യൂ വകുപ്പാണ് നിര്‍മാണ മേഖലയ്ക്ക് ഉണര്‍വേകുന്ന ഉത്തരവിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യറിന്റെ അടിസ്ഥാനത്തിലാണ് അനുമതി.

ഓരോ ജില്ലയിലേയും നദികളിലെ മണലിന്റെ അളവ്, വാരിമാറ്റേണ്ട മണല്‍ ശേഖരം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാവത്തില്‍ ജില്ലാ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കണം. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (നാബെറ്റ്) അല്ലെങ്കില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യ അംഗീകരിച്ച കണ്‍സള്‍ട്ടന്റാവണം മണല്‍ ലഭ്യത സംബന്ധിച്ച ജില്ലാ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാകണം മണല്‍ വാരലിന് പാരിസ്ഥിതിക അനുമതി നല്‍കേണ്ടത്.

ALSO READ:  വഖഫ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന വാദം പൊളിച്ചടുക്കി ഹരജിക്കാര്‍; വാദംകേള്‍ക്കല്‍ പൂര്‍ത്തിയായി

പാരിസ്ഥിതിക അനുമതിയുടെ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഏജന്‍സിയായ സി.എസ്.ഐ.ആര്‍, എന്‍.ഐ.ഐ.എസ്.ടി (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സസ് ആന്‍ഡ് ടെക്‌നോളജി) എന്നിവയെ വിവിധ ജില്ലകളില്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ 11 ജില്ലകളിലെ കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍മാരാണ് മണല്‍വാരാന്‍ അനുമതി നല്‍കേണ്ടത്. ഇതോടെ സംസ്ഥാനത്ത് നദികളിലെ മണല്‍വാരല്‍ വീണ്ടും സജീവമാകും.

ഖജനാവിന് മുതല്‍ക്കൂട്ടാകും

സംസ്ഥാനത്തെ 32 നദികളില്‍ നടത്തിയ സാന്‍ഡ് ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണല്‍ഖനന സാധ്യതകളുള്ള സൈറ്റുകള്‍ കണ്ടെത്തിയിരുന്നത്. കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ സാധ്യതയുള്ള സൈറ്റുകള്‍ ഇല്ല.

പ്രളയവും മണ്ണിടിച്ചിലും മറ്റുമായി സംസ്ഥാനത്തെ നദികളില്‍ പലതിലും മണല്‍ നിറഞ്ഞിട്ടുണ്ട്. പത്തുവര്‍ഷമായി വാരാതിരിക്കുന്നതും മണല്‍ നിറയാന്‍ കാരണമായി. ഇത് നീക്കേണ്ട സാഹചര്യമുണ്ട്. മണല്‍വാരല്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് മുതല്‍ക്കൂട്ടാകുകയും ചെയ്യും.

സംസ്ഥാനത്ത് എട്ടു ജില്ലകളിലെ നദികളില്‍ നിന്ന് ഒന്നേ മുക്കാല്‍ കോടിയോളം മെട്രിക് ടണ്‍ മണല്‍ ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ആഡിറ്റിംഗില്‍ കണ്ടെത്തിയത്. സര്‍ക്കാരിന് 1500 കോടി രൂപയിലേറെ ഇതിലൂടെ വരുമാനം കിട്ടാന്‍ സാദ്ധ്യതയുണ്ട്.

മണല്‍ വാരല്‍ പുനരാരംഭിക്കുമെന്ന് 2024-25 ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2020ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ സുസ്ഥിര മണല്‍ വാരല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കും നിരീക്ഷണ മാര്‍ഗങ്ങള്‍ക്കും അടിസ്ഥാനമായാണ് പുതിയ തീരുമാനം. മണല്‍ ഖനനത്തിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്നാലെ പുറത്തിറക്കും.

കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണല്‍ ഖനന സാദ്ധ്യതയുള്ള നദികള്‍. ഇതില്‍ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാര്‍ നദികളില്‍ നിന്നുള്ള മണല്‍ ഖനനത്തിലൂടെ 200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ജില്ലാതല സമിതികള്‍ക്കാണ് മണല്‍ ഖനനത്തിനുള്ള മേല്‍നോട്ടം.

എട്ട് ജില്ലകളിലായി ഖനനം ചെയ്യാവുന്ന മണല്‍- 1,70,21,825.73 മെട്രിക് ടണ്‍

ഭാരതപ്പുഴയിലുള്ളത്- 54,55,545 മെട്രിക് ടണ്‍

ചാലിയാറിലുള്ളത്- 2,80,830 മെട്രിക് ടണ്‍

കടലുണ്ടിപ്പുഴയിലുള്ളത്- 17,556 മെട്രിക് ടണ്‍

2016 ജനുവരിയിലാണ് സംസ്ഥാനത്ത് മണല്‍വാരല്‍ പൂര്‍ണമായി നിര്‍ത്തിയത്.

2006ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ മണല്‍വാരലിനു പാരിസ്ഥിതിക അനുമതി വേണമെന്ന നിര്‍ദേശം 2015ല്‍ നടപ്പാക്കിയതോടെയാണു നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക