20
May 2025
Fri
20 May 2025 Fri
Supreme Court partially stays controversial Waqf law

ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ വ്യാജവാദങ്ങള്‍ സുപ്രിം കോടതയില്‍ പൊളിച്ചടുക്കി ഹരജിക്കാരുടെ അഭിഭാഷകര്‍. (Petitioners refute argument that Waqf is not an integral part of Islam; hearing concludes)  വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഹരജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന വാദമാണ് വ്യാഴാഴ്ച പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഇതിനെ ഹരജിക്കാരുടെ അഭിഭാഷകര്‍ കൃത്യമായി ഖണ്ഡിച്ചു. വഖഫ് ഇസ്‌ലാമിലെ അവിഭാജ്യഘടകമല്ലെന്ന് പറയാന്‍ ഒരു ബാഹ്യശക്തിക്കും അവകാശമില്ലെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.

ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തടയാന്‍ വേണ്ടിയാണ് അവിഭാജ്യഘടകമല്ലെന്ന വ്യാജവാദം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന്‍ പറഞ്ഞു. ഇസ്‌ലാമിന്റെ അഞ്ച് തൂണുകളില്‍ ഒന്നാണ് ദാനധര്‍മം. വഖഫ് ദാനധര്‍മമാണ്. അത് മുസ്‌ലിംകളുടെ മതപരവും സാമൂഹികവുമായ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നു. മതപരമായ സംഭാവനകളുടെ മതേതര വശങ്ങള്‍ സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുമെന്ന വാദം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നും ധവാന്‍ വാദിച്ചു.

ALSO READ: എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു

ദാനധര്‍മം ഇസ്‌ലാമില്‍ അനിവാര്യമായ മതപരമായ ആചാരമാണെന്ന് കപില്‍ സിബലും ചൂണ്ടിക്കാട്ടി. വഖഫ് ദൈവത്തിനുള്ള സമര്‍പ്പണമാണ്. ഖബറടക്കം ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമാണ്.

200 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന ഒരു ഖബര്‍സ്ഥാന്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് വാണിജ്യ ഉപയോഗത്തിലേക്ക് മാറ്റാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

ഭേദഗതി നിയമത്തിലെ സെക്ഷന്‍ മൂന്ന് സി പ്രകാരം വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി റദ്ദാക്കപ്പെടുമെന്ന് ഇതുസംബന്ധിച്ച കേന്ദ്രവാദത്തിന് സിബല്‍ മറുപടി നല്‍കി. ഇത് വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കൃത്യമായ അജണ്ടയാണ്.

1954 മുതല്‍ വഖഫ് സ്വത്തുക്കളുടെ സര്‍വേ നടത്തേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ഇതുവരെ ഒരു സംസ്ഥാനം മാത്രമാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് രജിസ്റ്റര്‍ ചെയ്യാത്ത വഖഫുകളുടെ പദവി നഷ്ടപ്പെടുമെന്നാണ്. സംസ്ഥാനങ്ങളുടെ തെറ്റിന് ആരാണ് ഉത്തരവാദി. ഇത് കൈയേറ്റമാണ്. വഖഫ് സ്വത്തുക്കള്‍ വ്യവസ്ഥാപിതമായി പിടിച്ചെടുക്കാനുള്ള ശ്രമമാണിത്.

വഖഫ് മാനേജ്മെന്റ് സ്മാരകങ്ങള്‍ ദുരുപയോഗം ചെയ്യുന്നു, മുറികള്‍ കടകള്‍ക്കായി നല്‍കുന്നു, അനധികൃത മാറ്റങ്ങള്‍ വരുത്തുന്നു തുടങ്ങിയ കേന്ദ്ര വാദത്തിന് അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന മറ്റു നിയമങ്ങളുണ്ടെന്നും അതിന്റെ പേരില്‍ സര്‍ക്കാറിന് വഖഫ് സ്വത്തിന്മേല്‍ അവകാശം സ്ഥാപിക്കാന്‍ കഴിയില്ലെന്നും സിബല്‍ മറുപടി നല്‍കി.

ആദിവാസി മുസ്‌ലിംകള്‍ക്ക് വ്യത്യസ്തമായ സാംസ്‌കാരിക സ്വത്വമുണ്ടെന്നും അവരുടെ ഭൂമി വഖഫായി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും അവരുടെ ഭൂമി സംരക്ഷിക്കാനുള്ള നടപടിയാണിതെന്നും കേന്ദ്രം വാദിച്ചു.

എന്നാല്‍, ആദിവാസി ഭൂമി കൈമാറ്റം നിരോധിക്കുന്നില്ല, നിയമവിരുദ്ധമായ കൈമാറ്റങ്ങളില്‍നിന്ന് ആദിവാസികളെ സംരക്ഷിക്കുന്നതിന് പകരം വഖഫ് ചെയ്യാനുള്ള അവകാശം മാത്രമേ എടുത്തുകളയുന്നുള്ളൂവെന്ന് ഹുസൈഫ അഹ്‌മദി വ്യകതമാക്കി. വഖഫ് ചെയ്യുന്നതില്‍ ആളുകളെ നിരുത്സാഹപ്പെടുത്തുകയാണ് ഭേദഗതി ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജികളിലെ വാദങ്ങളും കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക