20
Jul 2026
Sun
20 Jul 2026 Sun
National Investigation Agency NIA

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന്റെ (E Abubacker ) ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളി. യുഎപിഎ (UAPA) നിയമപ്രകാരം ചുമത്തപ്പെട്ട കേസിലാണ് മൂന്നാം തവണയും അബൂബക്കറിന് ജാമ്യം നിഷേധിക്കപ്പെട്ടത്. ഭീകര ഗൂഢാലോചന, ഭീകരവാദ ഫണ്ടിംഗ്, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 മുതല്‍ ജയിലില്‍ കഴിയുന്ന ഇ. അബൂബക്കര്‍, വിചാരണയിലെ കാലതാമസം, ആരോഗ്യപ്രശ്‌നങ്ങള്‍, ജാമ്യം സംബന്ധിച്ച നിയമത്തിലെ പുതിയ മാറ്റങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.

കോടതിയുടെ നിരീക്ഷണം

പ്രത്യേക എന്‍ഐഎ ജഡ്ജി പ്രശാന്ത് ശര്‍മ്മയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്. വിചാരണ വൈകുന്നുവെന്ന വാദം ജാമ്യം നല്‍കാനുള്ള ന്യായീകരണമായി കാണാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗൗരവം, കോടതിയിലെ കേസുകളുടെ ബാഹുല്യം, കേസിലെ പ്രതികളുടെ എണ്ണം, അവര്‍ക്കായി ഹാജരാകുന്ന അഭിഭാഷകരുടെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ കോടതി പരിഗണിക്കേണ്ടതുണ്ട്. വിചാരണ വൈകുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് കോടതി തള്ളിക്കളഞ്ഞു.

ALSO READ: ‘ക്രൂര മര്‍ദ്ദനം, പകലന്തിയോളം അടിമപ്പണി’; ഒമാനില്‍ കുടുങ്ങി ഹൈദരാബാദ് സ്വദേശിനി; രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വീഡിയോ

ആരോഗ്യസ്ഥിതിയെക്കുറിച്ച്

അബൂബക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തിഹാര്‍ ജയില്‍ അധികൃതരും അപ്പോളോ ആശുപത്രിയും നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതി പരിശോധിച്ചു. നടക്കാനും സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും, അബൂബക്കറിന്റെ നിലവിലെ ആരോഗ്യസ്ഥിതി സ്ഥിരമാണെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയില്‍ ഹാജരായി അബൂബക്കറിന്റെ ആരോഗ്യനില മോശമായിട്ടില്ലെന്നും ജയിലിലോ സര്‍ക്കാര്‍ ആശുപത്രികളിലോ തുടര്‍ചികിത്സ നല്‍കാവുന്നതാണെന്നും അറിയിച്ചു.

നേരത്തെ 2022 നവംബര്‍ 14-ന് നല്‍കിയ ജാമ്യാപേക്ഷയും, പിന്നീട് 2023 ജൂണ്‍ 9-ന് നല്‍കിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലുകളും ഫലം കണ്ടിരുന്നില്ല. കേസില്‍ പ്രഥമദൃഷ്ട്യാ അബൂബക്കറിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ ജാമ്യത്തെ എതിര്‍ത്തത്.

PFI former chairman E Abubacker bail rejected