02
Nov 2026
Sun
02 Nov 2026 Sun

രാജ്യത്തെ അതിവേഗ റെയിൽ ഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി വടക്കൻ ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് വെറും 59 മിനിറ്റുകൊണ്ട് യാത്ര ചെയ്യാനാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡൽഹിയിൽ നിന്ന് ആരംഭിക്കുന്ന ഇടനാഴി ആഗ്ര, കാൺപൂർ, ലഖ്‌നൗ, അയോധ്യ എന്നിവിടങ്ങളിലൂടെ വാരണാസി, പ്രയാഗ്‌രാജ്, പട്‌ന എന്നിവിടങ്ങളിലേക്കും തുടർന്ന് ഗുവാഹത്തിയിലേക്കും ബന്ധിപ്പിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വാരണാസിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനിടെ സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹി-കാൺപൂർ യാത്രയ്ക്ക് ഒരു മണിക്കൂർ 45 മിനിറ്റും ഡൽഹി-ലഖ്‌നൗ യാത്രയ്ക്ക് രണ്ട് മണിക്കൂർ 12 മിനിറ്റും മതിയാകും. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് മൂന്ന് മണിക്കൂർ 33 മിനിറ്റുകൊണ്ടും എത്താനാകും. ലഖ്‌നൗവിൽ നിന്ന് വാരണാസിയിലേക്കുള്ള യാത്രാസമയം ഒരു മണിക്കൂർ 21 മിനിറ്റായും കുറയും.

ബുള്ളറ്റ് ട്രെയിൻ സമ്പന്നർക്ക് മാത്രമുള്ളതായിരിക്കുമെന്ന പ്രചാരണം തെറ്റാണെന്നും വിമാനയാത്രയെക്കാൾ കുറഞ്ഞ നിരക്കിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും സർവീസുകളെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. യുവാക്കൾക്കും ഇടത്തരം വരുമാനക്കാർക്കും ചെറുകിട വ്യവസായ മേഖലയിലുള്ളവർക്കും പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ നിർമാണം പൂർണമായും മെയ്ക്ക് ഇൻ ഇന്ത്യ ആശയത്തിലൂന്നിയായിരിക്കുമെന്നും തൂണുകൾ മുതൽ ഗർഡറുകൾ വരെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ തദ്ദേശീയ സാങ്കേതികവിദ്യയും ഇന്ത്യൻ തൊഴിലാളികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പദ്ധതിയുടെ നിർമാണ സമയക്രമം, കൃത്യമായ റൂട്ടുകൾ, ടിക്കറ്റ് നിരക്കുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

ALSO READ: ന്യൂസിലൻഡ് പരമ്പരയ്ക്ക് മുമ്പ് നെറ്റ്സിൽ കോഹ്‌ലിയെ വെള്ളം കുടിപ്പിച്ച് യുവ പേസർ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക