31
Oct 2026
Sat
31 Oct 2026 Sat
IAS Officer Faces ACB Probe Over 36 Resort Villas Bought by Family

സ്വകാര്യ റിസോർട്ട് കമ്പനിക്ക് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്നും പകരമായി കുടുംബാംഗങ്ങളുടെ പേരിൽ കുറഞ്ഞ വിലയ്ക്ക് 36 ആഡംബര വില്ലകൾ വാങ്ങിയെന്നുമുള്ള ആരോപണത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ രാജസ്ഥാൻ സർക്കാർ അഴിമതി അന്വേഷണം പ്രഖ്യാപിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ശിഖർ അഗർവാളിനെതിരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അന്വേഷണം നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനന്ത എന്ന ബ്രാൻഡിൽ ഹോട്ടലുകളും റിസോർട്ടുകളും നടത്തുന്ന ഗോയൽ ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയെന്നാണ് പ്രധാന ആരോപണം. റിസോർട്ട് നിർമാണത്തിലെ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതും നിർബന്ധമായ സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെ അനുമതികൾ നൽകിയതും അന്വേഷണ പരിധിയിലുണ്ട്. കമ്പനിയുടെ ഡയറക്ടർമാരുമായുള്ള ഉദ്യോഗസ്ഥന്റെ ബന്ധവും പരിശോധിക്കും.

എസിബിയുടെ പ്രാഥമിക അന്വേഷണത്തിൽ ശിഖർ അഗർവാളിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ രണ്ട് റിസോർട്ടുകളിലായി 36 വില്ലകൾ വാങ്ങിയതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഉദയ്പൂരിലെ ബുജ്ഡയിലുള്ള അനന്ത റിസോർട്ടിൽ 20 വില്ലകളാണ് വാങ്ങിയത്. ഇതിൽ പത്തെണ്ണം അഗർവാളിന്റെ പേരിലും പത്തെണ്ണം ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാത്തൂറിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം. ഓരോ വില്ലയ്ക്കും ഏകദേശം 15 ലക്ഷം രൂപ വീതമാണ് നൽകിയതെന്നാണ് വിവരം.

അൽവാറിലെ അജബ്ഗഡിലുള്ള അനന്ത റിസോർട്ടിൽ 16 വില്ലകൾ കൂടി വാങ്ങിയതായാണ് കണ്ടെത്തൽ. ഇതിൽ എട്ടെണ്ണം അഗർവാളിന്റെയും ഭാര്യയുടെയും പേരിലാണ്. നാല് വില്ലകൾ മക്കളുടെ പേരിലും നാലെണ്ണം ഭാര്യയുടെ മാതാപിതാക്കളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം. ഓരോ വില്ലയ്ക്കും 15 ലക്ഷം മുതൽ 16.5 ലക്ഷം രൂപ വരെയാണ് വില നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

രണ്ട് റിസോർട്ടുകളിലുമായി വാങ്ങിയ 36 വില്ലകളുടെ ആകെ വില ഏകദേശം 5.52 കോടി രൂപ വരും. വിപണിവിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ഇവ വാങ്ങിയതെന്നാണ് ആരോപണം.

ഇതിനിടെ ഗോയൽ ഫാഷൻസ് കമ്പനിക്ക് രാജസ്ഥാൻ ധനകാര്യ വകുപ്പ് 2026 മാർച്ച് 27ന് പ്രത്യേക ഇളവുകളോടെയുള്ള സാമ്പത്തിക പാക്കേജ് അനുവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേ ദിവസം തന്നെ അഗർവാളിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ 20 വില്ലകൾ രജിസ്റ്റർ ചെയ്തതായും എസിബി ചൂണ്ടിക്കാട്ടുന്നു.

രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോയുടെ പ്രാഥമിക അന്വേഷണത്തിനും മാധ്യമറിപ്പോർട്ടുകൾക്കും പിന്നാലെയാണ് സർക്കാർ വിശദമായ അന്വേഷണത്തിന് അനുമതി നൽകിയത്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരമാണ് അന്വേഷണം നടത്താൻ മുൻകൂർ അനുമതി ലഭിച്ചത്.

ഉദയ്പൂർ ജില്ലാ കളക്ടർ, രാജസ്ഥാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളിൽ ശിഖർ അഗർവാൾ പ്രവർത്തിച്ചിരുന്ന കാലത്തെ തീരുമാനങ്ങളും അന്വേഷണവിധേയമാകും. ആരോപണങ്ങളിൽ ഉദ്യോഗസ്ഥന്റെയും കമ്പനി ഡയറക്ടർമാരുടെയും പങ്ക് വിശദമായി പരിശോധിക്കുമെന്ന് എസിബി അറിയിച്ചു.

ALSO READ: യുവതിയുടെ സ്വർണവും വാച്ചുകളും കവർന്ന ഭർത്താവിനോടും മകനോടും 41 കോടി രൂപ നൽകാൻ കോടതി ഉത്തരവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക