തന്റെ കാമറാമാനായിരുന്ന ഫർഹാന്റെ മരണം താങ്ങാനാകാതെ സുഹൃത്തും വ്ലോഗറുമായ ഉബൈദ്. ഫർഹാന്റെ വിയോഗത്തിന് പിന്നാലെ ഉബൈദ് ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പ് ഹൃദയഭേദകമാകുകയാണ്. പാർക്കിലെ ഊഞ്ഞാലിൽ തൂങ്ങിമരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം ഫർഹാനെ കണ്ടെത്തിയത്.
|
ഇൻസ്റ്റഗ്രാമിലൂടെ ലഭിച്ച ഒരു സന്ദേശത്തിലൂടെയാണ് ഫർഹാനെ പരിചയപ്പെട്ടതെന്ന് ഉബൈദ് കുറിപ്പിൽ പറയുന്നു. ഒരിക്കൽ ‘ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ?’ എന്ന് ഫർഹാൻ ചോദിച്ചപ്പോൾ ‘വാ’ എന്നായിരുന്നു തന്റെ മറുപടി. അങ്ങനെ തുടങ്ങിയ സൗഹൃദം ഒന്നര വർഷത്തോളം നീണ്ടു. യാത്രകളിലും സന്തോഷങ്ങളിലും തിരക്കുകളിലുമെല്ലാം ഫർഹാൻ തന്റെ കൂടെയുണ്ടായിരുന്നുവെന്നും വെറുമൊരു ക്യാമറാമാൻ എന്നതിലുപരി നല്ലൊരു സുഹൃത്തായിരുന്നു അവനെന്നും ഉബൈദ് കുറിച്ചു.
സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹം ഫർഹാനുണ്ടായിരുന്നു. അതിനുള്ള ശ്രമങ്ങളിലായിരുന്നതിനാൽ കഴിഞ്ഞ രണ്ടുമാസമായി ഉബൈദിനൊപ്പം ഉണ്ടായിരുന്നില്ല. എവിടെയായിരുന്നാലും വിളിക്കാറുള്ള ഫർഹാൻ അന്ന് മാത്രം വിളിച്ചില്ലെന്നും പിന്നീട് അവനെ കാണേണ്ടിവന്നത് ഇങ്ങനെയൊരു അവസ്ഥയിലാണെന്നും ഉബൈദ് വേദനയോടെ കുറിച്ചു.
ഫർഹാന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതൽ ചോദിക്കാറില്ലായിരുന്നുവെന്നും മൂന്ന് വർഷത്തിലധികം നീണ്ട പ്രണയബന്ധം അവനുണ്ടായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽനിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങൾ മാത്രമാണ് തനിക്കറിയാവുന്നതെന്നും കൂടുതൽ സത്യങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും ഉബൈദ് വ്യക്തമാക്കി. അതുവരെ ഫർഹാന്റെ കുടുംബത്തോടൊപ്പം താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫർഹാന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അവൻ മാത്രമായിരുന്നു മകൻ എന്നതാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതെന്നും ഉബൈദ് കുറിച്ചു. തന്റെ ജീവിതകാലം മുഴുവൻ ഫർഹാന്റെ മാതാപിതാക്കൾക്ക് ഒരു മകനെപ്പോലെ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
‘ഫർഹാൻ, നീ എനിക്ക് ആരായിരുന്നുവെന്ന് ഒരുപക്ഷേ നിനക്ക് പോലും അറിയില്ലായിരുന്നിരിക്കാം. നീ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലടാ’ എന്ന വാക്കുകളോടെയാണ് ഉബൈദിന്റെ കുറിപ്പ് അവസാനിക്കുന്നത്. ഫർഹാനും കുടുംബത്തിനും വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഉബൈദിന്റെ എഫ്ബി പോസ്റ്റ്:
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




