21
Jan 2025
Wed
21 Jan 2025 Wed
Police have right to open and check Samadhi kallara says High Court

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ തുറക്കാന്‍ പോലീസിന് അധികാരമുണ്ടെന്ന് ഗോപന്‍ സ്വാമിയുടെ കുടുംബത്തോട് ഹൈക്കോടതി. ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്നും കുടുംബത്തോട് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ആര്‍ഡിഒ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയിലെത്തുകയായിരുന്നു. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ അനുവദിക്കണമെന്നും കുടുംബം ഹരജിയില്‍ ആവശ്യപ്പെടുന്നത്.

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പോലീസിന് അധികാരമുണ്ട്. അസ്വാഭാവിക മരണമാണോ സ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു. മരണം എവിടെ അംഗീകരിച്ചു എന്നത് കൂടി വ്യക്തമാക്കണം. സ്വാഭാവിക മരണമാണെങ്കില്‍ അംഗീകരിക്കാം. കല്ലറ തുറന്ന് പരിശോധിക്കുന്നതിനെ എന്തിനാണ് പേടിക്കുന്നത് എന്നും സി എസ് ഡയസ് ചോദിച്ചു. ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ കോടതി നോട്ടീസ് അയച്ചു. കലക്ടര്‍ റിപോര്‍ട്ട് നല്‍കണം. ഹരജി അടുത്തയാഴ്ചത്തേക്ക് മാറ്റി.

കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പോലീസിന് സംശയമുണ്ട്.

ALSO READ: ഗോപന്‍ സ്വാമിയുടെ സമാധി ദിവസം രണ്ടുപേര്‍ വീട്ടിലെത്തിയെന്ന് മക്കളുടെ മൊഴി; മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമം തടഞ്ഞ് സംഘപരിവാര സംഘടനകള്‍