09
May 2023
Mon
09 May 2023 Mon

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ പൊലീസുകാരനായ സബറുദ്ദീന്റെ അപ്രതീക്ഷിത വിയോഗത്തോടെ നഷ്ടമായത് സമർഥനായ ഉദ്യോഗസ്ഥനെ. താനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും മലപ്പുറം എസ്പി സ്‌പെഷ്യൽ സ്‌ക്വാഡ് അംഗവുമായിരുന്നു ഇദ്ദേഹം. നിരവധി മോഷണക്കേസിലും ലഹരിക്കേസിലും തുമ്പുണ്ടാക്കിയ സബറുദ്ദീൻ സേനയുടെ അഭിമാനമായിരുന്നു. അപകടത്തിൽപ്പെട്ട സമയത്ത് ബോട്ടിലുണ്ടായിരുന്ന സബറുദ്ദീന്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ബോട്ട് വെള്ളത്തിൽ നിന്ന് ഉയർത്തിയതോടെയാണ്
ആ കണ്ണീര്‍വാര്‍ത്ത സേനയെ തേടിയെത്തിയത്. ഏകദേശം പത്ത് മണിയോടെയാണ് സബറുദ്ദീന്‍റെ മരണം സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നത് വരെ മുടി വെട്ടില്ലെന്ന് പ്രഖ്യാപിക്കുകയും പിന്നീട് പ്രതിയെ പിടിച്ച ശേഷം മാത്രം ബാർബർ ഷോപ്പിലെത്തി മുടി വെട്ടിയ സബറുദ്ദീന്‍റെ ചരിത്രം നാട്ടുകാർക്ക് പറയാനുണ്ട്. താനൂർ ബീച്ച് റോഡിലെ മിൽമ ബൂത്തിലെ സ്‌കൂട്ടർ കവർന്ന കേസിലായിരുന്നു സബറുദ്ദീന്റെ പ്രതിജ്ഞ. താനൂർ പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് സ്‌കൂട്ടർ കവർന്ന് മോഷ്ടാവ് കടന്നുകളഞ്ഞത്. മോഷ്ടാവിനെ തേടി ദിവസങ്ങൾ അലഞ്ഞിട്ടും പൊലീസുകാർക്ക് തുമ്പ് കിട്ടിയില്ല.

ഇതിനിടെ, മുടി മുറിക്കാൻ ബാർബർ ഷോപ്പിലെത്തിയ സബറുദ്ദീൻ വെട്ടാതെ ഇറങ്ങി. മോഷ്ടാവിനെ പിടികൂടാതെ ഇനി താൻ മുടി വെട്ടില്ലെന്നും സബറുദ്ദീൻ അന്ന് സഹപ്രവർത്തകരോടു പറഞ്ഞു. അധികം വൈകാതെ സബറുദ്ദീനും സീനിയർ സിവിൽ പൊലീസ് ഓഫീസറായ സലേഷും പ്രതിയെ പിടികൂടി. മോഷണം നടന്ന് എട്ടാം നാളാണ് 15കാരനായ പ്രതിയെ സബറുദ്ദീനും സലേഷും പിടികൂടിയത്. ഇതിന് ശേഷമാണ് സബറുദ്ദീൻ വീണ്ടും ബാർബർ ഷോപ്പിലെത്തി മുടി വെട്ടിയത്. സബറുദ്ദീന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ഇനിയും മുക്തരായിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക