കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ യാത്രികർക്ക് മേൽ തീ കൊളുത്തിയ ശേഷം രക്ഷപെട്ട അജ്ഞാത അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. ദൃക്സാക്ഷിയായ റാസിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തയാറാക്കിയത്. പ്രതിയെ അടുത്ത് നിന്ന് കണ്ടതും ഇയാളെക്കുറിച്ച് നിർണായകമായ വിവരങ്ങൾ കൈമാറിയതും റാസിഖായിരുന്നു. ചുവന്ന ഷർട്ട് ധരിച്ച് തലയിൽ തൊപ്പി തിരിച്ചുവച്ച നിലയിലുള്ള 25-27 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റേതാണ് രേഖാചിത്രം.
|
പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗൺ, മെഡിക്കൽ കോളജ്, അസിസ്റ്റന്റ് കമ്മീഷണർമാരും റൂറൽ എസ്എസ്ബി ഡിവൈഎസ്പി എന്നിവർ എലത്തൂർ സ്റ്റേഷനിൽ എത്തിച്ചേർന്നിട്ടുണ്ട്. ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. കണ്ണൂരിലേക്കെത്തി അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിനു പിന്നാലെ ഒരു ബൈക്കിൽ കയറി ഒരു യുവാവ് പോവുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇത് അക്രമിയുടേതാണെന്ന സംശയത്തിലാണ് പൊലീസ്. എന്നാൽ ഇക്കാര്യം ഉറപ്പായിട്ടില്ല. ഈ സിസിടിവി ദൃശ്യങ്ങളും ബൈക്കും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. ലിഫ്റ്റ് ചോദിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുകയും അയാള്‍ അതില്‍ കയറിപ്പോകുകയുമായിരുന്നു.
അതേസമയം, അക്രമം ആസൂത്രിതമെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ലഭിച്ചിട്ടുണ്ട്. ബാഗിൽ നിന്ന് മൊബൈൽ ഫോണും പെട്രോൾ നിറച്ച കുപ്പിയും കുറിപ്പുകളും കണ്ടെത്തി. കണ്ണട, നാണയങ്ങൾ, ടീ ഷർട്ട് എന്നിവയും ബാഗിലുണ്ടായിരുന്നു. നോട്ട്ബുക്കിലാണ് കുറിപ്പുകൾ ഉണ്ടായിരുന്നത്. വിവിധ സ്ഥലപ്പേരുകൾ ഇതിൽ ഇംഗ്ലീഷിൽ എഴുതിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പും നിരവധി ആണികളും ബാഗിൽ നിന്നു കണ്ടെത്തി. ഭക്ഷണമടങ്ങിയ പാത്രവും ബാഗിലുണ്ടായിരുന്നു.
ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട്ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ എലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം. ഡി1 കംപാർട്ട്മെന്റിലെ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച ശേഷം അക്രമി തീ കൊളുത്തുകയായിരുന്നു. ആരോ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളിൽ ട്രെയിൻ നിൽക്കുകയും അക്രമി ഇറങ്ങി ഓടുകയുമായിരുന്നു.





