പിടിച്ചുകൊണ്ടുപോയി ആള്‍ക്കൂട്ടത്തിലേക്ക് ഇട്ടുകൊടുത്തത് പോലീസെന്ന് മണിപ്പൂരിലെ അതിജീവിത മാധ്യമങ്ങളോട്; കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
|
ഇംഫാല്‍: അക്രമാസക്ത ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് തങ്ങളെ ഇട്ടുകൊടുത്തത് പോലീസാണെന്ന് മണിപ്പൂരിലെ അതിജീവിത മാധ്യമങ്ങളോട്. ‘ഞങ്ങളുടെ ഗ്രാമം ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനൊപ്പം പൊലീസും ഉണ്ടായിരുന്നു. പൊലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി. ഗ്രാമത്തില്‍ നിന്ന് കുറച്ചുദൂരെ എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ചു. പൊലീസ് ഞങ്ങളെ അവര്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും അതിജീവിതയായ 20കാരി പറഞ്ഞു.
അതിജീവിതയുടെ വാക്കുകള്‍: ‘മെയ് 4 ന് കാങ്‌പോക്പി ജില്ലയിലെ തന്റെ ഗ്രാമമായ ബി ഫൈനോമിന് സമീപമാണ് സംഭവം. അക്രമകാരികള്‍ വീടുകള്‍ തീയിട്ട ശേഷമാണ് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. ജനക്കൂട്ടം ഞങ്ങളെ അക്രമിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. വസ്ത്രം അഴിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലുമെന്ന് പറഞ്ഞു. വസ്ത്രം അഴിപ്പിച്ചശേഷം റോഡിലൂടെ നടത്തി. വലിച്ചിഴച്ചശേഷം പുരുഷന്മാര്‍, അടുത്തുള്ള പാടത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങളില്‍ പലതവണ കയറിപ്പിടിച്ചു. പല തവണ മര്‍ദിച്ചു. മൂന്ന് പേര്‍ ചുറ്റും വളഞ്ഞ്, അവരില്‍ ഒരാള്‍ മറ്റൊരാളോട് നമുക്ക് അവളെ ബലാത്സംഗം ചെയ്യാമെന്ന് പറഞ്ഞു. മര്‍ദനം തുടര്‍ന്നും ഉണ്ടായതായും യുവതി പറഞ്ഞു.
ആക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയതും അത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതും താന്‍ അറിഞ്ഞില്ലെന്നും യുവതി പറഞ്ഞു. ആള്‍ക്കൂട്ടത്തില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഇതില്‍ ചിലരെ മാത്രമാണ് തനിക്ക് തിരിച്ചറിയാന്‍ സാധിക്കുക. തന്റെ സഹോദരന്റെ സുഹൃത്തും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഒരു ദേശിയമാധ്യമത്തിനോടാണ് ഇരകളില്‍ ഒരാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയില്‍ മെയ് നാലിനാണ് അതിക്രൂരമായ സംഭവം നടന്നത്. കുക്കി സംഘടന ഐടിഎല്‍എഫാണ് വിഡിയോ പുറത്തുവിട്ടത്. രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്.മെയ്‌തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് യുവതികളെ ആക്രമിച്ചത് എന്നാണ് ഐടിഎല്‍എഫ് ആരോപിക്കുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുന്‍പ് മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു.
യുവതികളില്‍ ഒരാളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 18 ന് കാങ്‌പോ ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസ് പ്രതികളെ പിടികൂടിയിരുന്നില്ല. തോക്കുകളുമായി എത്തിയ അക്രമകാരികളാണ് ഈ ക്രൂരത നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, സംഭവം കടുത്ത ഞെട്ടലുണ്ടാക്കിയെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. പ്രധാനപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.





