കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടന്റ് കോഴിക്കോട് സ്വദേശി കെ പി ഷെഫീറിന് ഉപാധികളോടെ ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചന്ദെര്‍ ജിത് സിങ് ആണ് ജാമ്യം അനുവദിച്ചത്. ആരോപണ വിധേയന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള (യുഎപിഎ) എന്തെങ്കിലും കുറ്റങ്ങള്‍ ചെയ്തതായി ഇഡി ആരോപിക്കുന്നില്ലെന്ന് ജഡിജ് ചൂണ്ടിക്കാട്ടി.
|
രണ്ടു ലക്ഷം രൂപയുടെ ബോണ്ട്, തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യം, ജാമ്യം നില്‍ക്കുന്നവര്‍ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആയിരിക്കണം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോവരുത്, തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, മേല്‍വിലാസം മാറുമ്പോള്‍ കോടതിയെ അറിയിക്കണം, വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജരാവണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാവണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ മുഖ്യപ്രതികളാണെന്ന് ഇഡി ആരോപിച്ച പര്‍വേസ് അഹമദ്, മുഹമ്മദ് ഇല്യാസ്, അബ്ദുല്‍ മുഖീത് എന്നിവര്‍ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയതായി കെ പി ഷെഫീറിന്റെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. അക്കൗണ്ടന്റായതിനാല്‍ ഷെഫീര്‍ കണക്കുകള്‍ നോക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അതൊരു കുറ്റമല്ലെന്നും അഭിഭാഷകര്‍ വാദിച്ചു. കള്ളപ്പണം ഒളിപ്പിക്കുകയോ സ്വന്തമാക്കുയോ ഉപയോഗിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും കണക്കുനോക്കുന്നയാള്‍ക്ക് പണത്തിന്റെ സ്രോതസിനെ കുറിച്ച് അറിയേണ്ട കാര്യമില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തെങ്കിലും എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റാരോപിതന്‍ അക്കൗണ്ടന്റ് ആയിരുന്നുവെന്നും തൊഴില്‍പരമായ ചുമതലയുടെ പരിധിക്കുള്ളില്‍ നിന്നുള്ള ജോലിയാണ് ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കിയ കോടതി പോപുലര്‍ ഫ്രണ്ടിന്റെ നയപരവും സാമ്പത്തികവുമായ തീരുമാനങ്ങളില്‍ കുറ്റാരോപിതന് ഉത്തരവാദിത്തമില്ലെന്നും കൂട്ടിച്ചേര്‍ത്തു. കുറ്റാരോപിതന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വിചാരണയ്ക്ക് കാലദൈര്‍ഘ്യം ഉണ്ടാവാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ALSO READ: ഹര്‍ത്താല്‍ കേസില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ ജനറല്‍ സെക്രട്ടറിയെ വെറുതെ വിട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





