30
Jun 2024
Thu
30 Jun 2024 Thu

ബംഗളൂരു: ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന റിയാസ് യൂസുഫ് ഹാരള്ളി എന്ന യുസുഫിനെ ബംഗളൂരു വിമാനത്താവളത്തിലാണ് പിടികൂടിയത്. റിയാസ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് എന്‍ഐഎ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാസിന്റെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 19 ആയി. കേസിലെ മറ്റു രണ്ട് പ്രതികളെ കഴിഞ്ഞ മാസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ പോപുലര്‍ ഫ്രണ്ട് പ്രാദേശിക ഭാരവാഹി മുസ്തഫ പൈച്ചാറും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ മന്‍സൂര്‍ പാഷയുമാണ് പിടിയിലായത്.

ഒളിവിലുള്ള മറ്റൊരു പ്രതി അബ്ദുല്‍ റഹ്‌മാന്റെ നിര്‍ദേശപ്രകാരമാണ് റിയാസ് ഇന്ത്യയിലെത്തിയത്. പാഷയും റിയാസും ചേര്‍ന്നാണ് പൈച്ചാറിന് ഹാസന്‍ ജില്ലയിലെ ആനെമഹല്‍ ഗ്രാമത്തില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതെന്ന് എന്‍ഐഎ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പൈച്ചാര്‍ ആണ് നെട്ടാരുവിനെ കൊലപ്പെടുത്താനുള്ള സംഘത്തിനെ ഒരുക്കിയത്. സംഭവത്തിന് ശേഷം മറ്റുള്ളവരോടൊപ്പം ഒളിവില്‍ പോവുകയായിരുന്നുവെന്നും എന്‍ഐഎ പറയുന്നു.

2022 ജൂലൈയിലാണ് യുവമോര്‍ച്ചാ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര്‍ ബെല്ലാരി ഗ്രാമത്തില്‍ വച്ച് വെട്ടിക്കൊല്ലുകയായിരുന്നു. അക്രമത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. 2022 ആഗ്സത് 4ന് ആണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

പ്രവീണ്‍ കൊല്ലപ്പെട്ട സുള്ള്യ ബെള്ളാരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാസര്‍കോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍. ഇതിന്റെ പ്രതികാരമായാണ് പ്രവീണിന്റെ കൊലപാതകമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.