08
Oct 2026
Thu
08 Oct 2026 Thu
Prem Nazir Daughter Laila Rasheed Passed Away

മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ വസതിയിലായിരുന്നു ലൈല റഷീദിന്റെ താമസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ മലപ്പുറം ടീമിന് അഭിനന്ദനം: അൻവർ അമീൻ

1950 ഓഗസ്റ്റ് 24-ന് ചിറയിന്‍കീഴിലായിരുന്നു ലൈലയുടെ ജനനം. കൊടിക്കകം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, മദ്രാസ് പ്രസിഡന്‍സി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് റോക്സ് കോണ്‍വന്റ്, കുന്തല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി

ഇതിലെ പോയത് വസന്തം

പ്രേം നസീറിന് തൻ്റെ മൂത്ത മകളോട് വലിയ സ്‌നേഹമായിരുന്നു. അതുകൊണ്ട് തന്നെ പ്രേം നസീറിൻ്റെ 60 വർഷം പഴക്കമുള്ള ചിറയിൻ കീഴിലെ വീടിന് ‘ലൈല കോട്ടേജ്’ എന്ന പേര് നൽകിയിരുന്നു. ഈ പേരിലാണ് ആ വീട് അറിയപ്പെട്ടിരുന്നത്. പ്രേം നസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്നൊരു ഓർമ പുസ്‌തകവും ഇവർ രചിച്ചിട്ടുണ്ട്. ഇതിൽ പിതാവിൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഓർമ്മപ്പുസ്‌തകത്തിൽ ഒരു നടൻ എന്നതിലുപരി പ്രേം നസീർ എന്ന പിതാവ് തങ്ങളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും തങ്ങളോട് എന്തൊക്കെ സംസാരിച്ചിരുന്നുവെന്നും വളരെ വികാരനിർഭരമായി അവർ വിവരിക്കുന്നു.

ഈ പുസ്‌തകത്തിലൂടെയാണ് പ്രേം നസീറിൻ്റെ ജീവിതത്തെപ്പറ്റിയുള്ള പല വിവരങ്ങളും പുറംലോകം അറിയുന്നത്. അതുകൊണ്ടുതന്നെ പ്രേം നസീറിൻ്റെ കുടുംബ ഓർമകളിലും അദ്ദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ചുള്ള രേഖകളിലും ലൈലയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പ്രേം നസീറും സഹോദരൻ ഷാനവാസും ചലച്ചിത്ര രംഗത്ത് സജീവമായിരുന്നെങ്കിലും ലൈല സിനിമയിലേക്ക് കടന്നുവന്നിട്ടില്ല. തികച്ചും ഒരു കുടുംബിനിയായി ജീവിതം പുലർത്താനാണ് ഇവർ ആഗ്രഹിച്ചിരുന്നത്.

മകളോടുള്ള കരുതൽ

തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായി പ്രേം നസീർ ലൈലയെ കണ്ടിരുന്നു. മക്കൾ സിനിമയിലേക്ക് വരുന്നതിനോട് പ്രേംനസീറിന് വലിയ താത്‌പ്പര്യമുണ്ടായിരുന്നില്ല. മകൾ ലൈല തികച്ചും ഒരു കുടുംബിനിയായി ജീവിക്കാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം അതിനെ പൂർണമായി പിന്തുണക്കുകയായിരുന്നു. അവർക്ക് നല്ലൊരു കുടുംബജീവിതം ഉറപ്പാക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. സിനിമയിലെ തിരക്കുകൾക്കിടയിലും മകളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും വിവാഹ കാര്യങ്ങളിലും പ്രേം നസീർ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.

ഭൗതികശരീരം കോഴിക്കോട് വസതിയിൽ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കബറടക്കം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ ഷാനവാസ്.

Tags: Laila Rasheed, Prem Nazir Daughter, Prem Nazir, Laila Rasheed Demise, Kozhikode News, Thiruvananthapuram News, Ithile Poyathu Vasantham, Regional News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക