കോഴിക്കോട് ജില്ലയ്ക്കും കാസറഗോഡ് ജില്ലയ്ക്കും അര്‍ഹമായ മന്ത്രി സ്ഥാനം നല്‍കാത്തതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി ലീഗ് പ്രവര്‍ത്തകര്‍. കുറ്റിയാടി മണ്ഡലത്തില്‍ നിന്ന് ജയിച്ച പാറക്കല്‍ അബ്ദുല്ലയെയും മഞ്ചേശ്വരത്ത് ഞെട്ടിക്കുന്ന വിജയം നേടിയ എകെഎം അഷ്‌റഫിനെയും അവഗണിച്ച് വിഇ അബ്ദുല്‍ ഗഫൂറിന് അവസരം നല്‍കിയതിലാണ് വലിയ പ്രതിഷേധം. കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം നല്‍കാതെ അവഗണിച്ചതില്‍ പ്രതിഷേധം. മുസ്‌ലിം ലീഗ് ഹൗസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററും പതിച്ചു. ‘ആറില്‍ ആറും നേടിയ കോഴിക്കോടിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്നും കോഴിക്കോട് തഴയാന്‍ മാത്രം ഗഫൂറിന് യോഗ്യതയെന്ത്’ എന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍.
|
മുസ്ലിം ലീഗിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. മുന്‍ മന്ത്രി വി.കെ. ഇബ്രാഹീ കുഞ്ഞിന്റെ മകന്‍, ലീഗിന്റെ രാജ്യസഭാ എം.പി.ഹാരിസ് ബിരാന്റെ പിതൃസഹോദര പുത്രന്‍ എന്നിവയല്ലാതെ അബ്ദുല്‍ ഗഫൂറിന് എന്താണ് അധിക യോഗ്യതയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത സുഹൃത്ത് വി.കെ.ബീരാന്റെ സഹോദരന്‍ വി.കെ.ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ എന്ന നിലയിലാണ് പണവും കുടുംബ സ്വാധീനമുള്ള ഗഫൂറിനെ പരിഗണിച്ചതെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ALSO READ: വിഡി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും; പുതുയുഗം പിറക്കുമോ?
പാറക്കല്‍ അബ്ദുല്ല, എ.കെ.എം അഷറഫ് ,സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ ,എം.എ.റസാഖ് മാസ്റ്റര്‍ തുടങ്ങി ഒന്നര ഡസന്‍ നേതാക്കളെ വെട്ടിആണ് തികച്ചും നവാഗതനായ ഗഫൂര്‍ മന്ത്രിസ്ഥാനത്തേക്ക് കയറുന്നത്. ഇത് കുഞ്ഞാലിക്കുട്ടിയിലും പാണക്കാട് തങ്ങളിലും ഉള്ള സ്വാധീനം ഉപയോഗിച്ചാണെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
നേരത്തെ കോഴിക്കോട് ജില്ലയില്‍ നിന്നും മന്ത്രിമാര്‍ ഇല്ലാത്തതില്‍ ഐഎന്‍ടിയുസിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ജയന്തും ലീഗില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളയും പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. പിന്നീട് ലീഗ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പാറക്കല്‍ അബ്ദുള്ളക്ക് രണ്ടാം ടേമില്‍ മന്ത്രിയാകാന്‍ അവസരം നല്‍കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച വിജയമാണ് കോഴിക്കോട് നിന്ന് യുഡിഎഫിന് ലഭിച്ചത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാത്ത ജില്ലയില്‍ ഇത്തവണ 13 സീറ്റില്‍ 12 സീറ്റിലും യുഡിഎഫ് ജയിക്കുകയായിരുന്നു. അഞ്ച് കോണ്‍ഗ്രസ് പ്രതിനിധികളും ആറ് ലീഗ് പ്രതിനിധികളും ഒരു സ്വതന്ത്രനുമാണ് കോഴിക്കോട് നിന്ന് വിജയിച്ചത്.
കാസറഗോഡ് ജില്ലയില്‍ അഞ്ചില്‍ നാല് സീറ്റും യുഡിഎഫ് നേടി. പതിറ്റാണ്ടുകള്‍ക്ക് ശേഷം സിപിഎം ഉരുക്ക് കോട്ടയായ തൃക്കരിപ്പൂര്‍ ഉള്‍പ്പെടെ യുഡിഎഫ് പിടിച്ചെടുത്തു. ബിജെപി വിജയിക്കുമെന്ന് ആശങ്ക ഉണ്ടായിരുന്ന മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫ് ഞെട്ടിക്കുന്ന വിജയമാണ് ഇക്കുറി നേടിയത്.
അതേസമയം വി ഡി സതീശന്‍ മുഖ്യമന്ത്രിയായും മറ്റ് 20മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.



