തിരുവനന്തപുരം: വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. ധനമന്ത്രിസ്ഥാനം സതീശന്‍ ഏറ്റെടുത്തേക്കും. ചെന്നിത്തലയ്ക്ക് പിന്നാലെ ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണു ഗോപാലുമായും സതീശന്‍ ചര്‍ച്ച നടത്തി.
|
മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് നല്‍കിക്കൊണ്ട് ഹൈക്കമാന്‍ഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങളുയര്‍ന്നു. ദീപാദാസ് മുന്‍ഷിയും വി.ഡി. സതീശനും ഉള്‍പ്പെടെ പിന്നീട് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് മഞ്ഞുരുക്കത്തിന് ശ്രമം നടത്തി. തുടര്‍ന്ന് മന്ത്രിസഭയിലേക്ക് വരണമെങ്കില്‍ ആഭ്യന്തരംതന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുത്തതായി വാര്‍ത്ത പുറത്തുവന്നിരുന്നു.
ആഭ്യന്തരം വിട്ടുനല്‍കുന്ന കാര്യത്തില്‍ വി.ഡി. സതീശന്‍ പൂര്‍ണ തൃപ്തനല്ലെങ്കിലും മുഖ്യമന്ത്രിപദം ലഭിച്ച സ്ഥിതിക്ക് ആഭ്യന്തരം ചെന്നിത്തലയ്ക്ക് കൊടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. തനിക്ക് ആഭ്യന്തരമില്ലെങ്കില്‍ ധനകാര്യം വേണമെന്ന് സതീശന്‍ നിലപാടെടുത്തെന്നാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര മന്ത്രിസ്ഥാനത്തിന് പുറമേ രണ്ടു മന്ത്രിസ്ഥാനംകൂടി താന്‍ നിര്‍ദേശിക്കുന്ന ആള്‍ക്ക് ലഭിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍ എന്നീ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, ഇക്കാര്യം പരിഗണിക്കുമോ എന്നതില്‍ ഉറപ്പില്ല.
ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് കെസി
എന്ത് അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി എന്ന വികാരത്തില്‍ തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വിഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഇരുവരും ഒരുമിച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ടു. കന്റോണ്‍മെന്റ് ഹൗസില്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സതീശന്‍ വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലെത്തിയിരുന്നു. ഇതിനു ശേഷമാണ് വേണുഗോപാലിനെയും സന്ദര്‍ശിച്ചത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ഒരു മണിക്കൂറിലേറെ നീണ്ടു. കെസി വേണുഗോപാല്‍ എന്തൊക്കെ ആവശ്യങ്ങളാണ് സതീശന് മുന്നില്‍ വച്ചതെന്ന് വ്യക്തമല്ല.



