ഗസയിലെ ആശുപത്രി ബോംബിട്ട് തകര്‍ത്തതിനെതിരെ ലോകവ്യാപക പ്രതിഷേധം; അപലപിച്ച് യൂറോപ്യന്‍ രാജ്യങ്ങളും
|
വെസ്റ്റ്ബാങ്ക്: ഗസയിലെ അല്‍ അഹ്ലി ആശുപത്രി ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. യൂറോപ്യന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും ഇസ്രായേല്‍ അതിക്രമത്തെ അപലപിച്ച് രംഗത്തുവന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്രഈല്‍ എംബസിക്ക് നേരെ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. 200 പേരടങ്ങുന്ന ഒരു സംഘത്തിന് എംബസിയുടെ വളരെ അടുത്ത് എത്താന്‍ സാധിച്ചെങ്കിലും സുരക്ഷാ ഓഫീസര്‍മാര്‍ കണ്ണീര്‍ വാതകം ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചു വിടുകയായിരുന്നു. അതിനെ തുടര്‍ന്ന് ഇസ്രഈല്‍ എംബസിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലോടി മസ്ജിദിലേക്ക് പ്രതിഷേധക്കാര്‍ മാറുകയുണ്ടായി. എംബസിയിലേക്ക് കടന്നുകയറാന്‍ കഴിഞ്ഞു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജോര്‍ദാന്‍ സുരക്ഷാ സ്രോതസുകള്‍ അറിയിച്ചു.
എംബസി അടച്ചു പൂട്ടണമെന്നും അംബാസിഡറെ പുറത്താക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗസ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലെ നഗരങ്ങളിലും മറ്റും 100 കണക്കിന് ആളുകളുടെ പ്രതിഷേധം നടന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയിലെ ആശുപത്രിക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ആശുപത്രികളും സിവിലിയന്‍മാരെയും ആക്രമിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.”ആശുപത്രി ആക്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. സിവിലിയന്‍സിനെ ലക്ഷ്യംവെക്കുന്നതിനും ന്യായീകരണമില്ല. ഗസ്സയിലെ അല്‍അഹ്‌ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തെ ഫ്രാന്‍സ് അപലപിക്കുന്നു. ഞങ്ങള്‍ ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പമാണ്”മാക്രോണ്‍ എക്‌സില്‍ കുറിച്ചു.
Nothing can justify striking a hospital.
Nothing can justify targeting civilians.France condemns the attack on the Al-Ahli Arab hospital in Gaza, which made so many Palestinian victims. Our thoughts are with them. All the light must be shed on the circumstances.
— Emmanuel Macron (@EmmanuelMacron) October 17, 2023
തുര്‍ക്കി, അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെല്ലാം വലിയ പ്രകടനങ്ങള്‍ നടന്നു. ആക്രമണത്തിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച ജോര്‍ദാനിലെ അബ്ദുല്ല രാജാവ് റദ്ദാക്കി. ഇന്ന് ഇസ്രായേലിലെത്തുന്ന ജോ ബൈഡന്‍, ടെല്‍ അവീവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷം അമ്മാനില്‍ വെച്ച് അബ്ദുല്ല രാജാവുമായും, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു ധാരണ.
ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനിലേക്ക് പോകാനായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പദ്ധതി. എന്നാല്‍, ജോര്‍ദാന്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍, ബൈഡന്‍ ഇസ്രയേല്‍ മാത്രം സന്ദര്‍ശിക്കും. എന്നാല്‍ ആശുപത്രി ആക്രമണത്തിന് പിന്നാലെ ജോര്‍ദാന്‍ കടുത്ത നിലപാടെടുക്കുകയായിരുന്നു. ചര്‍ച്ച റദ്ദാക്കിയതായി വിദേശകാര്യമന്ത്രി അയ്മാന്‍ സഫാദി ആണ് വ്യക്തമാക്കിയത്.
യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചര്‍ച്ച നടത്തിയിട്ടും കാര്യമില്ലെന്ന് അയ്മാന്‍ സഫാദി ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





