28
Apr 2024
Tue
28 Apr 2024 Tue
gujarat kshatriya protest against bjp

അഹ്‌മദാബാദ്: ഗുജറാത്തിലും യുപിയിലും രാജസ്ഥാനിലും ബിജെപിക്കെതിരേ ക്ഷത്രിയ രോഷം പടരുന്നു. ക്ഷത്രിയ(രജപുത്രര്‍) വിഭാഗത്തെ അപമാനിച്ച ബിജെപി നേതാവ് പുരുഷോത്തം രുപാലയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചെറിയ തോതില്‍ തുടങ്ങിയ പ്രതിഷേധം ഗുജറാത്തിന്റെ അതിരുകളും വിട്ട് പടരുകയാണ്. ( Protests escalate, Kshatriyas demand withdrawal of Rupala’s candidature in Gujarat )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 2ന് രാജ്‌കോട്ടില്‍ നടന്ന ദലിത് വിഭാഗത്തിന്റെ പരിപാടിയിലാണ് രൂപാല രജപുത്ര വിഭാഗത്തെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്. ”ബ്രിട്ടീഷുകാര്‍ക്കെതിരേ തുടങ്ങി നൂറ്റാണ്ടുകളായി നിങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് രാമന്‍ അയോധ്യയില്‍ തിരിച്ച് എത്തിയത്, ആ സമയം രജപുത്രര്‍ ഇംഗ്ലീഷുകാര്‍ക്ക് പെണ്‍മക്കളെ കാഴ്ചവെക്കുകയായിരുന്നു”. എന്ന പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്.
Parshottam Rupala

മൂന്ന് പതിറ്റാണ്ടുകളായി ചാരം മൂടിക്കിടന്ന ജാതി വിദ്വേഷത്തിന്റെ കനലാണ് രുപാലയുടെ പരാമര്‍ശത്തോടെ ആളിക്കത്തിക്കൊണ്ടിരിക്കുന്നത്. പട്ടേല്‍-ക്ഷത്രിയ വിഭാഗത്തെ ഹിന്ദുത്വ ആശയത്തില്‍ വിദഗ്ധമായി കൂട്ടിക്കെട്ടിയാണ് ബിജെപി ഗുജറാത്തിന്റെ അധികാരം പിടിച്ചത്. അതിന്റെ കടയ്ക്കലാണ് പുതിയ പ്രതിഷേധങ്ങള്‍ കത്തിവച്ചിരിക്കുന്നത്. പട്ടേല്‍ വിഭാഗത്തില്‍ പെട്ട പ്രധാന നേതാവാണ് രുപാല.

കേന്ദ്രമന്ത്രിയും നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനുമായ രുപാലയ്‌ക്കെതിരേ ആരംഭിച്ച പ്രതിഷേധം ശനിയാഴ്ച്ച രാജ്‌കോട്ടില്‍ നടന്ന റാലിയോട് കൂടി കൂടുതല്‍ ശക്തമായി. ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ വരുന്നവരെ കാല് കുത്തിക്കില്ലെന്നാണ് രജപുത്രര്‍ പറയുന്നത്. രാജ്‌കോട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്ത പരിപാടിയിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറി. കസേരകളും മറ്റും വലിച്ചെറിഞ്ഞ് പരിപാടി അലങ്കോലമാക്കി.

താമര വിരിഞ്ഞത് ഞങ്ങള്‍ക്ക് പറ്റിയ തെറ്റ് എന്നാണ് ഗുജറാത്തില്‍ ഇപ്പോള്‍ ക്ഷത്രിയര്‍ ഉയര്‍ത്തുന്ന പോസ്റ്റര്‍. വിവാദ പരാമര്‍ശത്തില്‍ രുപാലയും ബിജെപി സംസ്ഥാന നേതാക്കളും പല തവണ മാപ്പ് പറഞ്ഞെങ്കിലും സ്ഥാനാര്‍ഥിയെ മാറ്റാതെ പിന്നോട്ടില്ലെന്നാണ് ക്ഷത്രിയ വിഭാഗത്തിന്റെ നിലപാട്. രൂപാലയെ മാറ്റാതെ ഈ പ്രക്ഷോഭം അവസാനിക്കില്ലെന്ന് രജ്പുത് വിഭാം നേതാവ് കരഞ്ജ് ചാവ്ഡ പറഞ്ഞു. ക്ഷത്രിയ സമൂഹത്തിലെ വിവിധ ജാതികളുടെ സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രുപാലയുടെ പരാമര്‍ശത്തിന് പുറമേ ഗുജറാത്ത് മന്ത്രിസഭയിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും സമുദായം നേരിടുന്ന അവഗണനയും ക്ഷത്രിയ വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമാണ്.
up saharanpur rajputh protest

യുപിയിലും രാജസ്ഥാനിലും പ്രതിഷേധം
ഗുജറാത്തിന് പുറമേ ബിജെപിയുടെ കോട്ടകളായ യുപിയിലും രാജസ്ഥാനിലും ക്ഷത്രിയ രോഷം പടരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തങ്ങളെ അവഗണിച്ചുവെന്നാരോപിച്ചാണ് യുപിയിലെ പ്രതിഷേധം. സഹാറന്‍പൂരിലെ നാനതുവ ഏരിയയില്‍ നടന്ന പ്രതിഷേധം സംഗമത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ബിജെപിയെ ആര് തോല്‍പ്പിക്കുമോ അവര്‍ക്ക് തങ്ങള്‍ വോട്ട് ചെയ്യുമെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. ബിഎസ്പി സ്ഥാനാര്‍ഥിയും പരിപാടിയില്‍ പങ്കെടുത്തു. സഹാറന്‍പൂരിലും സമാനമായ പ്രതിഷേധം അരങ്ങോറി. സംസ്ഥാനത്ത് കാലങ്ങളായി ബിജെപിയെ പിന്തുണക്കുന്നവരാണ് ക്ഷത്രിയ വിഭാഗം. രാജസ്ഥാനിലും സമാനമായ പ്രതിഷേധം പടരുന്നുണ്ട്.