22
Jan 2025
Fri
22 Jan 2025 Fri
PV Anwar planning to join UDF

മലപ്പുറം: യുഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കങ്ങള്‍ സജീവമാക്കി പിവി അന്‍വര്‍ എംഎല്‍എ. (PV Anwar planning to join UDF) സിപിഎമ്മിലെയും ബിജെപിയിലെയും ചില പ്രമുഖരെ അടര്‍ത്തിയെടുത്ത് പാര്‍ട്ടി ശക്തിപ്പെടുത്തിയായിരിക്കും ഈ മാറ്റമെന്നാണു സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അന്‍വറും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തിയതായാണ് അറിയുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫിലെ മൂന്ന് എംഎല്‍എമാരുമായി പി വി അന്‍വര്‍ ചര്‍ച്ച നടത്തി.

സംഘടന ശക്തിപ്പെടുത്തി യുഡിഎഫുമായി വിലപേശുകയാണ് ലക്ഷ്യം. ഒരു യുവ സിപിഐഎം എംഎല്‍എയുമായും അന്‍വര്‍ സംസാരിച്ചിട്ടുണ്ട്. എല്‍ഡിഎഫിലെ ഘടകകക്ഷി നേതാവുമായും മുതിര്‍ന്ന ബിജെപി നേതാവുമായും അന്‍വര്‍ ചര്‍ച്ച നടത്തി.

ALSO READ: പുന്ന നൗഷാദിനെ വെട്ടിക്കൊന്ന കേസ്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വനനിയമ ഭേദഗതി ബില്ലിനെതിരെ അന്‍വര്‍ നടത്തുന്ന ജനകീയ യാത്ര യുഡിഎഫ് പ്രവേശനത്തിലേക്കുള്ള ആദ്യ ചുവടായിരിക്കുമെന്നാണു സൂചന. ഇതിന്റെ ഭാഗമായാണ് അന്‍വറിന്റെ യാത്രയില്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ പങ്കെടുക്കുന്നതെന്നാണ് വിവരം.

നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് ഈ നീക്കമെന്നാണ് സൂചന. മാനന്തവാടിയില്‍ നിന്നും വഴിക്കടവ് വരെയാണ് വനനിയമ ഭേദഗതി ബില്ലിനെതിരെ അന്‍വര്‍ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഇ ടി മുഹമ്മദ് ബഷീര്‍ എം പിയാണ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകന്‍.

ജനകീയ യാത്രയുടെ ഭാഗമായ സമ്മേളനങ്ങളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ ഐ സി ബാലകൃഷ്ണന്‍, തിരുവമ്പാടിയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ചാത്തല്ലൂരില്‍ പങ്കെടുക്കുന്നത് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടമാണ്. പ്രാദേശിക യുഡിഎഫ് നേതാക്കളും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

മൂന്ന് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതായി അന്‍വര്‍
ജനകീയ യാത്ര പുതിയ രാഷ്ട്രീയ മാറ്റത്തിനുള്ള തുടക്കമെന്ന് പി വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. ഡല്‍ഹിയില്‍ വെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വാതില്‍ ആദ്യമേ ചാരിക്കിടക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. വാതില്‍ ചാരിക്കിടക്കുന്നു, അടച്ചു എന്നൊക്കെ പല വാര്‍ത്തകളും വന്നു. കോണ്‍ഗ്രസിലേക്കുള്ള വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല, വാതിലില്‍ പോയി മുട്ടിയിട്ടില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

ഭരണകക്ഷിയില്‍ നിന്നും തനിക്ക് പിന്തുണയറിച്ച് നേതാക്കള്‍ എത്തിയിട്ടുണ്ടെന്നും വലിയ പൊട്ടിത്തെറി എല്‍ഡിഎഫില്‍ ഉണ്ടാകാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മൂന്നാം ചേരിയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

ഭരണപക്ഷത്തെ മൂന്ന് എംഎല്‍എമാരുമായി കുറച്ചുകാലമായി സംസാരിക്കുന്നുണ്ട്. അവര്‍ എന്റെ കൂടെ വന്ന് പാര്‍ട്ടിയാകും എന്നല്ല. ചിലര്‍ എന്നോടൊപ്പം ഉണ്ടായേക്കാം. അതല്ലെങ്കില്‍ ഒരു മൂന്നാം ചേരി എല്‍ഡിഎഫില്‍ നിന്ന് അടര്‍ന്ന് ഇവിടെയുണ്ടാകാന്‍ പോകുകയാണ്. യുഡിഎഫിന്റെ ഭാഗമാകാന്‍ തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. പ്രബലമായ സാമുദായിക കക്ഷികളുണ്ടാകും ഇതില്‍. ജനകീയയാത്ര ഒരു രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമായിരിക്കാം,’ പി വി അന്‍വര്‍ പറഞ്ഞു.

ALSO WATCH

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക