
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം നിയന്ത്രണം വിട്ട് 1000 അടി താഴേക്ക് വന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. ദോഹയില്‍ നിന്ന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഖത്തര്‍ എയര്‍വേയ്സിന്റെ 787 ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് ദുരന്തമുഖത്തെത്തിയത്. ദോഹയില്‍ നിന്ന് പുറപ്പെട്ട് അല്‍പ്പസമയം കഴിഞ്ഞാണ് പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ 1000 അടി താഴേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു. 24 സെക്കന്റില്‍ അതിവേഗം താഴേക്ക് വിമാനം വന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഈ സമയം യാത്രക്കാര്‍ അലറിക്കരയുകയും ചിലര്‍ ചര്‍ദ്ദിക്കുകയും ചെയതിരുന്നു.
1850 അടി ഉയരത്തില്‍ വച്ചാണ് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിന് നിയന്ത്രണം നഷ്ടമായത്. തുടര്‍ന്ന് വളരെ വേഗത്തില്‍ താഴ്ന്നു. 1000 അടിയിലേക്ക് കൂപ്പുകുത്തി. അപ്പോഴേക്കും പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയായിരുന്നു. പൈലറ്റിന്റെ ഭാഗത്ത് സംഭവിച്ച പിഴവാണ് ഇതിന് കാരണമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്.