ദോഹ: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഖത്തര്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി.(Qatar enforces a strict dress code for government employees ) ഖത്തരികള്‍ക്കും വിദേശികള്‍ക്കും ജോലി സമയത്തും ഔദ്യോഗിക പരിപാടികളിലും വ്യത്യസ്ഥ രൂപത്തിലുള്ള വസ്ത്രം ധരിക്കാനാണ് നിര്‍ദേശം.
|
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു മേഖല സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാണ്. കാബിനറ്റ് കാര്യ സഹമന്ത്രിയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പുറപ്പെടുവിച്ചത്.
ഖത്തരി പുരുഷ ജീവനക്കാര്‍ പരമ്പരാഗത വസ്ത്രമായ തോബ്, ഘൂത്ര, ഈഗല്‍ എന്നിവ ധരിക്കണം. പരമ്പരാഗത ഖത്തരി വസ്ത്രങ്ങള്‍ക്കൊപ്പം സ്പോര്‍ട്സ് ഷൂ പാടില്ല. എന്നാല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഷൂ ധരിക്കാം. വിദേശികളായ പുരുഷ ജീവനക്കാര്‍ ഇരുണ്ട നിറത്തിലുള്ള സ്യൂട്ടും ഷര്‍ട്ടും ടൈയുമാണ് ധരിക്കേണ്ടത്.
ഖത്തരി വനിതാ ജീവനക്കാര്‍ പരമ്പരാഗത അബായയും ശിരോവസ്ത്രവും ധരിക്കണം. മറ്റു വനിതാ ജീവനക്കാര്‍ തൊഴില്‍ അന്തരീക്ഷത്തിന് അനുയോജ്യമായ ഔപചാരിക ബിസിനസ്സ് സ്യൂട്ടുകള്‍ ധരിക്കേണ്ടതുണ്ട്. തിളക്കമുള്ള നിറങ്ങള്‍, ചെറുതും ഇറുകിയതുമായ വസ്ത്രങ്ങള്‍ എന്നിവ പാടില്ല. മേക്കപ്പും മിതമായിരിക്കണം.
ഖത്തരി പുരുഷ ജീവനക്കാര്‍ക്കായി, ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കേണ്ട ബിഷ്തിന്റെ നിറവും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നിറങ്ങള്‍ വ്യത്യസ്തമാണ്. കൂടാതെ, സര്‍ക്കുലറില്‍ വേനല്‍ക്കാലത്തും ശൈത്യകാലത്തും ധരിക്കേണ്ട തോബിന്റെ നിറങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ വെള്ള, ഉച്ചയ്ക്ക് സ്വര്‍ണ നിറം, വൈകുന്നേരം കറുപ്പ് എന്നിങ്ങനെയാണ് നിറങ്ങള്‍. വസ്ത്രങ്ങള്‍ സുതാര്യമാവരുത്. അനുയോജ്യമല്ലാത്ത ഹെയര്‍ സ്‌റ്റൈല്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.