28
Nov 2026
Sat
28 Nov 2026 Sat
Rahul Gandhi Opposes 850 Lok Sabha Seats Plan

ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണ്ഡല പുനർനിർണയത്തിന്റെ മറവിൽ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം ബിജെപിക്ക് അനുകൂലമായി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കേന്ദ്രത്തിന്റെ നിർദിഷ്ട മണ്ഡല പുനർനിർണയ ബില്ലിനെതിരെ ആഞ്ഞടിച്ചത്. വനിതാ സംവരണത്തിന്റെ പേരിലാണ് മണ്ഡല പുനർനിർണയ നീക്കത്തിന് വഴിയൊരുക്കുന്നതെന്നാണ് രാഹുലിന്റെ ആരോപണം. ലോക്സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനായി സഭയിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ട ആവശ്യമില്ലെന്നും നിലവിലെ അംഗസംഖ്യയിൽത്തന്നെ അത് നടപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

അസം, ബിഹാർ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ മുൻ മണ്ഡല പുനർനിർണയ നടപടികൾ ചൂണ്ടിക്കാട്ടിയ രാഹുൽ, പുതിയ നീക്കത്തിലൂടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് താൽപര്യങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാൻ അവസരം ലഭിക്കുമെന്നും ആരോപിച്ചു. യുവവോട്ടർമാരോടും പ്രത്യേകിച്ച് ജനറേഷൻ ഇസഡ് വിഭാഗത്തോടും 850 എന്ന സംഖ്യ ഓർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് ഭീഷണിയാകാവുന്ന നീക്കമായാണ് ഇതിനെ രാഹുൽ വിശേഷിപ്പിച്ചത്.

തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ബിജെപി പുതിയ വഴികൾ തേടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ നടത്തിയ വോട്ട് മോഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട വാർത്താസമ്മേളനങ്ങൾ പരാമർശിച്ച രാഹുൽ, ഇന്ത്യയിലെ 80 ശതമാനം പേരും ജനറേഷൻ ഇസഡ് വിഭാഗത്തിലെ പ്രതികരിച്ചവരിൽ 100 ശതമാനം പേരും തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കുന്നുവെന്ന് വിശ്വസിക്കുന്നതായാണ് പാർട്ടിയുടെ സർവേയിൽ കണ്ടെത്തിയതെന്നും അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ 14 കോടി വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. എട്ട് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നതിന്റെ തെളിവുകൾ കോൺഗ്രസ് ശേഖരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാഹുൽ രൂക്ഷമായ വിമർശനം ഉന്നയിച്ചു. അദ്ദേഹത്തെ ‘തെളിയിക്കപ്പെട്ട കുറ്റവാളി’ എന്ന് വിശേഷിപ്പിച്ച രാഹുൽ, തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

ALSO READ:  മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയുടെ വൻ ചുവടുമാറ്റം; ബില്ലിനെ പിന്തുണയ്ക്കുമെന്ന് സ്റ്റാലിനും എ. രാജയും! ‘കോൺഗ്രസിനോടുള്ള പക’യെന്ന് പ്രേമചന്ദ്രൻ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക