28
Nov 2026
Sat
28 Nov 2026 Sat
Thiruparankundram Deepam Lit After Supreme Court Order

മധുര തിരുപ്പരങ്കുൺട്രം മലമുകളിലെ ദീപത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം തെളിച്ചു. സുപ്രീംകോടതി നിയോഗിച്ച രണ്ട് മുൻ ഹൈക്കോടതി ജഡ്ജിമാരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ദ​ർ​ഗയ്ക്കു സമീപമുള്ള കൽത്തൂണിൽ ദീപം തെളിയിച്ചത്.
‘വേൽ വേൽ മുരുകനുക്ക് ആരോഹരാ’, ‘വേൽ വേൽ വീരവേൽ’ തുടങ്ങിയ മന്ത്രോച്ചാരണങ്ങൾക്കിടെയാണ് ദീപം തെളിഞ്ഞത്. ദീപം തെളിയിക്കുന്നതിനായി 30 കിലോ നെയ്യും 50 മീറ്റർ നീളമുള്ള പരുത്തിത്തിരിയും അഞ്ച് കിലോ കർപ്പൂരവുമാണ് ഉപയോഗിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. വൈദ്യനാഥനും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി വി. പാർഥിപനും ശനിയാഴ്ച രാവിലെ ചെന്നൈയിൽനിന്ന് തിരുപ്പരങ്കുൺട്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം ദീപം തെളിയിക്കാനുള്ള ചെമ്പുപാത്രമായ കൊപ്പരൈ ക്ഷേത്ര പൂജാരിമാർക്ക് കൈമാറി. മലമുകളിലെ കൽത്തൂണിൽ താൽക്കാലിക തട്ടും താങ്ങുകളും ഒരുക്കിയാണ് പാത്രം സ്ഥാപിച്ചത്.

സുരക്ഷാ ചുമതല സെൻട്രൽ റിസർവ് പൊലീസ് സേനയ്ക്കായിരുന്നു. ചടങ്ങ് നേരിട്ട് കാണാൻ പരമാവധി 50 പേർക്ക് മാത്രമാണ് മലമുകളിലേക്ക് പ്രവേശനം അനുവദിച്ചത്. വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ അടുത്തേക്ക് പോകാൻ ശ്രമിച്ച ചില ഭക്തരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കവുമുണ്ടായി.

കാർത്തിക ദീപം കൽത്തൂണിൽ തെളിയിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ തമിഴ്നാട് സർക്കാർ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച സുപ്രീംകോടതി സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരുന്നു. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് സസ്പെൻഡ് ചെയ്യുകയും ക്ഷേത്രത്തിന്റെയും മലമുകളുടെയും സുരക്ഷാ ചുമതല സിആർപിഎഫിന് കൈമാറുകയും ചെയ്തു.

നവംബർ 20നാണ് തിരുപ്പരകുൺട്രം മലയിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി ഒറ്റത്തവണ അനുമതി നൽകിയത്. എന്നാൽ നവംബർ 24ന് കാർത്തിക ദീപം ആഘോഷിച്ചപ്പോൾ പതിവുപോലെ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിലാണ് ദീപം തെളിയിച്ചത്. കോടതി നിർദേശം പാലിക്കാത്തതിനെത്തുടർന്നാണ് വീണ്ടും നിയമനടപടികളുണ്ടായത്.

ALSO READ: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ ദാരുണാപകടം; രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക