28
Nov 2026
Sat
28 Nov 2026 Sat
Two malayali students dies in accident in karnataka one inured seriously

കർണാടകയിലെ മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ കെ. ബാസിൽ മുഹമ്മദലിയും ലിഫായിൻ മുഹമ്മദ് നിയാസുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെ 10.30നും 11നും ഇടയിൽ മാണ്ഡ്യ ജില്ലയിലെ ഇൻഡുവാളുവിന് സമീപമായിരുന്നു അപകടം. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മണൽ കയറ്റിവന്ന ടിപ്പർ ലോറി ആർടിഒ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയതിനെ തുടർന്ന് റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്യുകയായിരുന്നു. ഈ സമയത്ത് പിന്നാലെ എത്തിയ ഥാർ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മൂന്നാമത്തെയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റയാളും കോഴിക്കോട് സ്വദേശികളായ എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിന് പിന്നാലെ ടിപ്പർ ലോറി ഹൈവേയിൽ തടഞ്ഞുനിർത്തിയ ആർടിഒ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ മാണ്ഡ്യ റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് നാട്ടുകാർ ദേശീയപാതയിൽ പ്രതിഷേധിക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയുടെ വൻ ചുവടുമാറ്റം; ബില്ലിനെ പിന്തുണയ്ക്കുമെന്ന് സ്റ്റാലിനും എ. രാജയും! ‘കോൺഗ്രസിനോടുള്ള പക’യെന്ന് പ്രേമചന്ദ്രൻ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക