14
Jul 2023
Sun
14 Jul 2023 Sun

മലപ്പുറം: കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ഭംഗിയായി പരിഭാഷപ്പെടുത്തിയതു വഴി സമൂഹമാധ്യമങ്ങളില്‍ വലിയ കൈയടിനേടിയ സഫ ഫെബിന്‍ വിവാഹിതയായി. കരുവാരകുണ്ട് സ്വദേശിനിയായ സഫയുടെ വിവാഹം കഴിഞ്ഞയാഴ്ചയാണ് നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുള്‍പ്പെടെയുള്ളവര്‍ വിവാഹ ചടങ്ങിനെത്തിയിരുന്നു. കരുവാരകുണ്ട് കുട്ടത്തി സ്വദേശിയും മദ്രസാ അധ്യാപകനുമായ ഒടാല കുഞ്ഞിമുഹമ്മദിന്റെയും ഭാര്യ സാറയുടെയും അഞ്ചു മക്കളില്‍ ഇളയവളാണ് സഫ ഫെബിന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2019ല്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം സഫ ഫെബിന്‍ പരിചയപ്പെടുത്തിയത്. സഫ പഠിക്കുന്ന കരുവാരക്കുണ്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളാരെങ്കിലും തന്റെ പ്രസംഗം പരിഭാഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോഴാണ് സഫ എത്തിയത്. സദസും വേദിയും അധ്യാപകരും ഒന്നാകെ അമ്പരന്നു നില്‍ക്കെ സഫ ധൈര്യസമേതം രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. രാഹുലിന്റെ പ്രസംഗം, വളരെ ഭംഗിയായി ആശയച്ചോര്‍ച്ചയില്ലാതെ നാടന്‍ ശൈലിയില്‍ പരിഭാഷപ്പെടുത്തിയുള്ള സഫയുടെ പ്രസംഗത്തിന് രാഷ്ട്രീയ, സാമൂഹിക രംഗത്തുനിന്നുള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പ്ലസ്ടുവിന് സയന്‍സ് തെരഞ്ഞെടുത്ത സഫക്ക് അതില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഫാറൂഖ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കെയാണ് അവരുടെ വിവാഹം.