14
Aug 2025
Sun
14 Aug 2025 Sun
rahul mamkootathil

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ടി വരും. രാഹുല്‍ രാജിയ്ക്കണമെന്ന് കെപിസിസി നിലപാടെടുത്തതായാണ് സൂചന. ഇക്കാര്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് അറിയുന്നത്. ഇതോടെ പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലാവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രാഹുല്‍ രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ ഇപ്പോഴും രാജിയോട് എതിര്‍പ്പുണ്ട്.

രാഹുല്‍ രാജി വെക്കണമെന്ന് നേതാക്കളുമായുള്ള കൂടിയാലോചനയില്‍ ചെന്നിത്തലയും നിലപാട് അറിയിച്ചു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുള്ളത്.

ALSO READ: ലൈംഗിക ആരോപണം നേരിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചു

അതേസമയം, ബിജെപി. ഇടപെട്ട് അതിവേഗം ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ രാജി ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് വാദിക്കുന്ന ഒരു വിഭാഗം നേതാക്കളും പാര്‍ട്ടിയിലുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടുന്നതായും അറിയുന്നു.

ഇപ്പോള്‍ രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പിനുള്ള നിയമസാധ്യതയാണ് ആരായുന്നത്. ചട്ടപ്രകാരം ഒരാള്‍ രാജിവച്ചാല്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍, സഭയുടെ കാലാവധി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണെങ്കില്‍ ഈ നിയമം ബാധകമാവില്ല. ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും

കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ വ്യക്തമാക്കി. ഉടന്‍ തന്നെ പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുമെന്നും ഇന്നലെ പുറത്തുവന്ന ഫോണ്‍ സംഭാഷണം കൂടുതല്‍ ഗൗരവമുള്ളതാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. രാഹുലിനോട് രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടണമെന്നും അനുസരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കന്‍ ആവശ്യപ്പെട്ടു.

അതേസമയം, പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും രാഹുലിനെതിരെ പരോക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ജനപ്രതിനിധിയെന്ന നിലയില്‍ രാഹുല്‍ കരുതല്‍ പാലിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ആരും ഡിസിസിയെ സമീപിച്ചിട്ടില്ലെന്നും, രാഹുലിനെതിരായ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ എംഎല്‍എ പദവിയില്‍ തുടരുന്നതിനോട് മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. രാഹുല്‍ തുടരണോ എന്ന കാര്യം കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നും കെപിഎ മജീദ് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക