23
Jan 2026
Sun
23 Jan 2026 Sun
RAHUL MAMKOOTATHIL REMAND

Rahul Mamkootathil Remanded ലൈംഗിക പീഡനക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടുവില്‍ അഴിക്കുള്ളിലായി മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്ത് ജലില്‍ അടച്ചത്. പത്തനംതിട്ട മജിസ്ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്കാണ് മാറ്റിയത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുലിന്റെ ലൈംഗിക ശേഷി ഉള്‍പ്പെടെ പരിശോധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത് മുതല്‍ മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കുന്നതുവരെ വഴിനീളെ രാഹുലിന് നേരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജയിലിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ പ്രതിഷേധ മുദ്രാവാക്യമുയര്‍ന്നു.

മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

ALSO READ: ഒടുവില്‍ രാഹുലിനെ പൂട്ടി പോലീസ്; അതീവ രഹസ്യ നീക്കത്തിലൂടെ ഹോട്ടലില്‍ നിന്ന് പൊക്കി

ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നല്‍കിയിരിക്കുന്നത്. രാഹുല്‍ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്.

നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നുമാണ് യുവതിയുടെ മൊഴി.