24
Jan 2026
Sun
24 Jan 2026 Sun
rahul mamkootathil arrested

 Rahul mamkootathil arrested in rape case പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് പൊലീസ് അതീവ രഹസ്യനീക്കത്തിലൂടെ രാഹുലിനെ പൊക്കിയത്. ആദ്യ രണ്ട് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നേടിയ രാഹുലിനെ പാലക്കാട് കെപിഎം ഹോട്ടലിലെത്തി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാഹുലിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തു. പുതിയ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് പോകാന്‍ അവസരം നല്‍കാതെയാണ് രാഹുലിന് പൂട്ടിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ആദ്യ കേസില്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസിലെ നടപടി. അര്‍ധരാത്രി 12.30ഓടെയായിരുന്നു എട്ട് പൊലീസുകാര്‍ ഹോട്ടലിലെത്തിയത്.

മൂന്ന് വാഹനങ്ങളിലായാണ് പൊലീസ് സംഘം ഹോട്ടലിലെത്തിയത്. ഇവരില്‍ യൂണിഫോമിലും മഫ്തിയിലുമുള്ള പൊലീസുകാരുണ്ടായിരുന്നു. ഹോട്ടലില്‍ എത്തിയതും ഹോട്ടല്‍ ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ചോരാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചു. തൃശ്ശൂരിലായിരുന്ന രാഹുല്‍ പാലക്കാട്ടേക്ക് തിരിച്ചെത്തിയത് രാത്രി 9 മണിയോടെയായിരുന്നു.

ALSO READ: ത്രിപുരയില്‍ മുസ്ലിം വീടുകള്‍ക്കും പള്ളിക്കും തീയിട്ട് സംഘപരിവാരം; കാഴ്ച്ചക്കാരായി പോലീസ്

ഒരു ജീപ്പ് ഹോട്ടലിനകത്തേക്ക് കയറുകയും രണ്ടാമത്തെ ജീപ്പ് ഇതിന് എതിര്‍വശത്തെ എസ്ബിഐ ബാങ്കിന് മുന്നിലും മൂന്നാമത്തെ ജീപ്പ് പ്രസ് ക്ലബ്ബിന് മുന്നിലും നിര്‍ത്തി. തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ ആദ്യം റിസപ്ഷനിലെത്തി രാഹുല്‍ ഏത് മുറിയിലാണെന്ന് ചോദിക്കുകയും കസ്റ്റഡിയിലെടുക്കാന്‍ വന്നതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

റൂം നമ്പര്‍ 2002ലാണ് രാഹുല്‍ ഉള്ളതെന്ന് അറിഞ്ഞതോടെ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നേരെ സേലം- കൊച്ചി ഹൈവേയിലേക്ക് പോവുകയും പുലര്‍ച്ചെയോടെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇവിടെ രാഹുലിനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. ആദ്യത്തെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍പ്പോയ ശേഷം മുന്‍കൂര്‍ ജാമ്യം തേടിയാണ് രാഹുല്‍ പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയത്.

മൂന്നാമത്തെ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ലൈംഗിക പീഡനം, ഗര്‍ഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. പുറത്തു പറഞ്ഞാല്‍ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. രാഹുലിനെതിരായ നിര്‍ണ്ണായക തെളിവുകള്‍ പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

ഡിഎന്‍എ പരിശോധനയ്ക്കായി യുവതി ഭ്രൂണം സൂക്ഷിച്ചിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിരുന്നില്ല. രാഹുലിനെതിരെ മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ട് പരാതികളിലും ഭീഷണിപ്പെടുത്തിയുള്ള ഗര്‍ഭഛിദ്രം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്. അതേസമയം രണ്ട് കേസുകളില്‍ പാലക്കാട് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.