മംഗളൂരു: എല്ലാ കാലത്തും സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നായ ഊട്ടിയിലേക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി ആകര്‍ഷകമായ പാക്കേജുമായി ഐആര്‍സിടിസി. (Railways launches budget tour package from Mangalore to Ooty) ഊട്ടിയിലേക്ക് മംഗളൂരുവില്‍ നിന്നുള്ള റെയില്‍-റോഡ്-ടൂറിസം പാക്കേജാണ് (ആര്‍ടിപി) ‘SER052’ എന്ന കോഡില്‍ ലഭ്യമാകുന്നത്.
|
നാല് രാത്രിയും അഞ്ച് പകലും നീണ്ടുനില്‍ക്കുന്ന ഈ യാത്ര പ്രകൃതിഭംഗി ആസ്വദിക്കാനും ശാന്തമായ അന്തരീക്ഷത്തില്‍ വിശ്രമിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്.
നീലഗിരി കുന്നുകളുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന
ഊട്ടി, മനോഹരമായ കാലാവസ്ഥയും അപൂര്‍വമായ പ്രകൃതിദൃശ്യങ്ങളും കൊണ്ട് സമ്പന്നമാണ്. തേയിലത്തോട്ടങ്ങളുടെ അനന്തമായ പരപ്പുകളും, ഉയരം കൂടിയ മരങ്ങള്‍ നിറഞ്ഞ പച്ചപ്പ് നിറഞ്ഞ കുന്നുകളും, അപൂര്‍വയിനം സസ്യജന്തുജാലങ്ങളും ഊട്ടിയുടെ പ്രത്യേകതകളാണ്. ദക്ഷിണേന്ത്യയുടെ തണുപ്പുള്ള കാലാവസ്ഥ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഈ സ്ഥലം ഒരു പറുദീസയാണ്.
സ്റ്റാന്‍ഡേര്‍ഡ്, കംഫര്‍ട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഈ പാക്കേജ് ലഭ്യമാണ്. 22638 നമ്പര്‍ വെസ്റ്റ്‌കോസ്റ്റ് ട്രെയിനില്‍ മംiളൂരുവില്‍ നിന്ന് എല്ലാ വ്യാഴാഴ്ച്ചകളിലും രാത്രി 11:45-ന് യാത്ര ആരംഭിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാവുന്നതാണ്. കോയമ്പത്തൂരില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം ഊട്ടിയിലേക്ക് യാത്ര തുടരും.
മടക്കയാത്ര 22637 നമ്പര്‍ ട്രെയിനില്‍ കോയമ്പത്തൂരില്‍ നിന്ന് രാത്രി 9:27-ന് പുറപ്പെടും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴി മംഗളൂരുവില്‍ രാവിലെ 5:50-ന് എത്തിച്ചേരും.
സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ സ്ലീപ്പര്‍ ക്ലാസ്സും കംഫര്‍ട്ട് വിഭാഗത്തില്‍ 3 എസി ക്ലാസ്സുമാണ് യാത്രയ്ക്കായി ലഭിക്കുക. ഹോട്ടലുകളില്‍ രണ്ടുദിവസത്തെ പ്രഭാതഭക്ഷണവും പാക്കേജില്‍ ഉള്‍പ്പെടുന്നു.
നിരക്കുകള്‍
2025 മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 31 വരെയുള്ള നിരക്കുകള്‍: സ്റ്റാന്‍ഡേര്‍ഡ് റൂമില്‍ ഒറ്റയ്ക്ക് 21,520 രൂപയും, രണ്ടുപേര്‍ക്ക് താമസിക്കാന്‍ 11,155 രൂപയും, മൂന്ന് പേര്‍ക്ക് താമസിക്കാന്‍ 8,545 രൂപയുമാണ്. കംഫര്‍ട്ട് റൂമില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ 22,785 രൂപയും, രണ്ടുപേര്‍ക്ക് 12,425 രൂപ വീതവും, മൂന്ന് പേര്‍ക്ക് താമസിക്കാന്‍ 9,810 വീതവുമാണ്. കുട്ടികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് റൂമില്‍ 4,760 രൂപയും കംഫര്‍ട്ട് റൂമില്‍ 6,025 രൂപയുമാണ്.
നാല് മുതല്‍ ആറ് വരെ മുതിര്‍ന്നവര്‍ക്ക് താമസിക്കാവുന്ന സ്റ്റാന്‍ഡേര്‍ഡ് റൂമില്‍ രണ്ടുപേര്‍ക്ക് താമസിക്കാന്‍ 8,970 രൂപ വീതവും മൂന്ന് പേര്‍ക്ക് താമസിക്കാന്‍ 8,645 വീതവുമാണ്. കംഫര്‍ട്ട് റൂമില്‍ രണ്ടുപേര്‍ക്ക് താമസിക്കാന്‍ 10,240 രൂപ വീതവും മൂന്ന് പേര്‍ക്ക് താമസിക്കാന്‍ 9,915 വീതവുമാണ്. കുട്ടികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് റൂമില്‍ 7,725 രൂപയും കംഫര്‍ട്ട് റൂമില്‍ 8,990 രൂപയുമാണ്.
ഈ പാക്കേജില്‍ ട്രെയിന്‍ ടിക്കറ്റുകള്‍, ടൂറിസ്റ്റ് സ്‌പോട്ടുകളിലേക്കുള്ള വാഹന യാത്ര, ഹോട്ടല്‍ താമസം, ഹോട്ടലില്‍ നിന്നുള്ള പ്രഭാതഭക്ഷണം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഐആര്‍സിടിസി വെബ്സൈറ്റ് സന്ദര്‍ശിക്കുക.





