21
Nov 2023
Sat
21 Nov 2023 Sat

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പെയ്തിറങ്ങിയ മഴയ്ക്കൊപ്പം ഒലിച്ചുപോയത് ന്യൂസീലന്‍ഡിന്റെ വിജയപ്രതീക്ഷകള്‍ കൂടിയാണ്. മഴ ‘വില്ലനായ’ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 21 റണ്‍സിനാണ് പാക്കിസ്ഥാന്‍ മഴനിയമപ്രകാരം തോല്‍പ്പിച്ചത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 402 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 25.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ഇടയ്ക്ക് മഴ കളി മുടക്കിയതോടെ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറില്‍ 342 റണ്‍സായി പുനര്‍നിര്‍ണയിച്ചിരുന്നു. മൂന്നു ഓവറിനു ശേഷം വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉജ്വല സെഞ്ചറിയുമായി തകര്‍ത്തടിച്ച ഫഖര്‍ സമാന്റെ (81 പന്തില്‍ 126*) ഇന്നിങ്‌സാണ് പാക്ക് ജയത്തില്‍ നിര്‍ണായകമായത്. ക്യാപ്റ്റന്‍ ബാബര്‍ അസം (63 പന്തില്‍ 66*) ഉറച്ചപിന്തുണ നല്‍കി. ജയത്തോടെ പാക്കിസ്ഥാന്‍ സെമിപ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തി. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് പരാജയപ്പെട്ടതോടെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക സെമിയില്‍ പ്രവേശിച്ചു. ശ്രീലങ്കയ്ക്കെതിരായ അടുത്ത മത്സരം ന്യൂസീലന്‍ഡിനു നിര്‍ണായകമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 401 റണ്‍സ് നേടിയത്. ന്യൂസീലന്‍ഡിനായി ഇറങ്ങിയ ബാറ്റര്‍മാരെല്ലാം മോശമല്ലാത്ത പ്രകടനം നടത്തി. ഓപ്പണര്‍ രചിന്‍ രവീന്ദ്ര സെഞ്ചറി നേടി കിവീസിനെ മുന്നില്‍ നിന്നു നയിച്ചു. 94 പന്തുകള്‍ നേരിട്ട രചിന്‍ 108 റണ്‍സെടുത്തുപുറത്തായി.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 79 പന്തില്‍ 95 റണ്‍സെടുത്തു. ഗ്ലെന്‍ ഫിലിപ്‌സ് (25 പന്തില്‍ 41), ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ (39 പന്തില്‍ 35), മാര്‍ക് ചാപ്മാന്‍ (27 പന്തില്‍ 39), മിച്ചല്‍ സാന്റ്‌നര്‍ (17 പന്തില്‍ 26) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ലോകകപ്പില്‍ ന്യൂസീലന്‍ഡിന്റെ ഏറ്റവും മികച്ച ടോട്ടലാണ് ശനിയാഴ്ച നേടിയത്.