21
Aug 2025
Tue
21 Aug 2025 Tue
Rajasthan dowry suicide

ഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും പീഡനത്തെ തുടര്‍ന്ന് മകളെ മടിയിലിരുത്തി സ്വയം തീകൊളുത്തിയ അധ്യാപികയും മൂന്നര വയസുകാരി മകളും മരിച്ചു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകള്‍ യശസ്വി സംഭവസ്ഥലത്ത് വെച്ചും അമ്മ സഞ്ജു ബിഷ്‌ണോയി ശനിയാഴ്ച രാവിലെ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതായി ആരോപിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഭര്‍ത്താവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ സ്‌കൂളില്‍ നിന്നു തിരിച്ചെത്തിയ സഞ്ജു ഒരു കസേരയിലിരുന്ന ശേഷം മകളെയെടുത്ത് മടിയിലിരുത്തി. പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ദാങ്ങിയവാസ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ണദ ഗ്രാമത്തിലുള്ള വീട്ടില്‍വച്ചാണ് അധ്യാപിക ജീവനൊടുക്കിയത്. സംഭവസമയത്ത് ഭര്‍ത്താവോ വീട്ടുകാരോ ഉണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനെയും കുടുംബത്തെയും വിവരമറിയിച്ചത്.

മരണശേഷം ഇരുവരുടേയും മൃതദേഹത്തില്‍ അവകാശവാദം ഉന്നയിച്ച് സഞ്ജുവിന്റെ മാതാപിതാക്കളും ഭര്‍തൃവീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം, മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറുകയും ഇരുവരേയും ഒരുമിച്ച് സംസ്‌കരിക്കുകയും ചെയ്തു.

സഞ്ജുവിന്റെ മാതാപിതാക്കള്‍ ദിലീപ് ബിഷ്‌ണോയിക്കെതിരെ പരാതി നല്‍കി. പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്.

സംഭവസ്ഥലത്തുനിന്നും ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് ആണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. സഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പില്‍, ഭര്‍ത്താവ്, അമ്മായിയമ്മ, അമ്മായിയച്ഛന്‍, നാത്തൂന്‍ എന്നിവര്‍ക്കെതിരെ ആരോപണമുണ്ട്.

കൂടാതെ ഭര്‍ത്താവ് ദിലീപിന്റെ സുഹൃത്തായ ഗണപത് സിങ് എന്നയാള്‍ പീഡിപ്പിച്ചതായും കുറിപ്പില്‍ പറയുന്നു. പോലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഗണപത് സിങ്ങും ഭര്‍ത്താവും ചേര്‍ന്ന് സഞ്ജുവിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പൊലീസിനു വ്യക്തമാകുന്നത്.

ALSO WATCH