18
Jan 2024
Sun
18 Jan 2024 Sun

പട്‌ന: രാവിലെ മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ട് വീണ്ടും എന്‍ഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാര്‍ വൈകിട്ട് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ സത്യവാചകം ചൊല്ലികൊടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. വ്യത്യസ്ത മുന്നണികളുടെ ഭാഗമായി ഇത് ഒമ്പതാമത്തെ തവണയാണ് ജെഡിയു മേധാവി നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവരെ കൂടാതെ ആറ് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2022ല്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് മഹാസഖ്യത്തില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായ നിതീഷ് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ട് രാജി സമര്‍പ്പിച്ചത്.

രാവിലെ നിതീഷ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. ജെഡിയു എംഎല്‍എമാരുടെ നിയമസഭാകക്ഷി യോഗം പൂര്‍ത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവര്‍ണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക