19
Sep 2025
Mon
19 Sep 2025 Mon

കൊച്ചി: പ്രവാസികള്‍ തിരികെ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണോ ? അതേയെന്നാണ് സംസ്ഥാന വ്യവസായമന്ത്രി മന്ത്രി പി. രാജീവ് ഇന്നലെ പുറത്തുവിട്ട കണക്കുകളില്‍നിന്ന് മനസ്സിലാകുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ റിവേഴ്‌സ് മൈഗ്രേഷന്‍ 176 ശതമാനമായി വര്‍ധിച്ചതായി മന്ത്രി പി. രാജീവ്. 40,000ലധികം പ്രൊഫഷനലുകള്‍ വിവിധ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും തിരികെ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സുരക്ഷിതവും സമ്പന്നവുമായ അന്തരീക്ഷമാണ് ഇതിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. അങ്കമാലിയിലെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ബിസിനസ് പാര്‍ക്കില്‍, ആര്‍.സി.സി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡ് യൂനിറ്റിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളില്‍ ഒന്നാണിത്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നിക്ഷേപ അവസരങ്ങള്‍ക്ക് വഴിയൊരുക്കി വ്യവസായരംഗത്ത് വന്‍ മുന്നേറ്റം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

 

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പുവച്ചവയില്‍ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി . അദാനി ഗ്രൂപ്പിന്റെ കളമശ്ശേരി ലോജിസ്റ്റിക്‌സ് പാര്‍ക്കിനും വിവിധ മേഖലകളിലെ ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ക്കും കേരളം വേദിയാകുകയാണ്. ആദ്യഘട്ട നിക്ഷേപങ്ങള്‍ വിജയകരമായി നടപ്പിലായാല്‍ കൂടുതല്‍ പദ്ധതികള്‍ക്കും വന്‍തോതില്‍ നിക്ഷേപങ്ങള്‍ക്കും വാതില്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

 

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഡോ. കൃഷ്ണ എല്ലയുടെ പുതിയ സംരംഭമാണ് ആര്‍.സി.സി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡ്. ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക, ഭാരത് ബയോടെക് ഇന്റര്‍നാഷനല്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സായി പ്രസാദ് ദേവരാജലുലു, ഇന്നൊവേറ്റീവ് ഇന്‍ഫ്രാ ആന്‍ഡ് മൈനിങ് സൊല്യൂഷന്‍സ് ഹ്യൂമന്‍ റിസോഴ്‌സസ് മേധാവി വിനോദ് കൃഷ്ണ, അങ്കമാലി നഗരസഭ ചെയര്‍മാന്‍ അഡ്വ. ഷിയോ പോള്‍ പങ്കെടുത്തു.

reverse migration in Kerala has increased by 176 percent, said Minister P. Rajeev.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക