ജയ്പൂർ: കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിൽ ഹജ്ജ് തീർത്ഥാടകർക്ക് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം. തീർത്ഥാടകർ സഞ്ചരിച്ച ബസ് തടഞ്ഞുനിർത്തിയ അക്രമിസംഘം ബസ്സിനുള്ളിലേക്ക് അതിക്രമിച്ചു കയറി തീർത്ഥാടകരെ ആക്രമിക്കുകയും അവരോട് ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ച രാത്രിയോടെ രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ആക്രമണത്തിൽ സ്ത്രീകൾക്കുൾപ്പെടെ പരുക്കേറ്റു.
|
യാത്രയ്ക്കായി ജയ്പൂർ വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു ബസ്സാണ് തടഞ്ഞ് ആക്രമിച്ചത്. ബസ്സിന് നേരെ രൂക്ഷമായ കല്ലേറും ഉണ്ടായി. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസ്സിനുള്ളിൽ പൊട്ടിയ വിൻഡോ ഗ്ലാസിന്റെ ചില്ലുകളും ഒഴിഞ്ഞ വാട്ടർ ബോട്ടിലുകളും കല്ലുകളും കിടക്കുന്നതും സ്ത്രീകൾ നിലവിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അക്രമി സംഘം ബസ്സിനുള്ളിലേക്ക് കയറി മുൻവശത്തിരുന്ന യുവതികളുതെൾപ്പെടെയുള്ള പേരുകൾ പരിശോധിച്ചു. എല്ലാവരും മുസ്ലിംകളാണെന്ന് അറിഞ്ഞതോടെ ശകാരവാക്കുകൾ ചൊരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് തീർത്ഥാകർ പറഞ്ഞു. ചില അക്രമികൾ ജയ് ശ്രീറാം വിളിക്കാനും ആവശ്യപ്പെട്ടു. യാത്രക്കാരെ ആക്രമിച്ചതിനൊപ്പം ബസ് കേടുവരുത്താനും ശ്രമിച്ചെന്നും യാത്രക്കാർ പറഞ്ഞു.
യാത്രക്കാർ അറിയിച്ചതിനുസരിച്ചെത്തിയ പൊലിസ് ബസ് പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഏതാനും അക്രമികളെ അറസ്റ്റ്‌ചെയ്തതായി പൊലിസ് അറിയിച്ചു.





