കളിക്കാര്‍ മാത്രമല്ല കോച്ചുമാരും സൗദിയിലേക്ക്; റോബര്‍ട്ടോ മാഞ്ചിനിക്കായി വലവിരിച്ച് സൗദി ദേശീയ ടീം
|
റിയാദ്: താരങ്ങള്‍ക്ക് പിന്നാലെ പരിശീലകരും സൗദി അറേബ്യയിലേക്ക് വരികയാണെന്ന സൂചനനല്‍കി വിഖ്യാത ഇറ്റാലിയന്‍ കോച്ച് റോബര്‍ട്ടോ മാഞ്ചിനിക്കായി വലവിരിച്ച് സൗദി ദേശീയ ടീം. സൗദി അറേബ്യയുടെ ദേശീയ ടീമിന്റെ പരിശീലകനായി മാഞ്ചിനിയെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതായി കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 77 മില്യണ്‍ (700 കോടിയോളം രൂപ) ആണ് മാഞ്ചിനിക്ക് മുമ്പാകെ സൗദി വച്ച ഓഫര്‍. ഓഫറിനോട് അനുകൂലമായി പ്രതികരിച്ചാല്‍ ഇദ്ദേഹം സൗദിയിലെത്തും. മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, കരിം ബെന്‍സേമ, സാദിയോ മാനേ, റോബര്‍ട്ടോ ഫിര്‍മിനോ, എന്‍ഗോളോ കാന്റെ തുടങ്ങിയ മുന്‍നിര താരങ്ങള്‍ നിലവില്‍ സൗദിയുടെ വിവിധ ക്ലബ്ബുകളില്‍ ചേര്‍ന്നതിന് പിന്നാലെയാണ് യൂറോപ്പിലെ മുന്‍നിര പരിശീലകരില്‍ ഒരാള്‍ അറബ് രാജ്യത്തെത്തുന്നത്.
2018ലെ ലോകകപ്പിന് യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്നാണ് ക്ലബ് തലത്തില്‍ വിജയം വരിച്ച പരിശീലകനായ റോബര്‍ട്ടോ മാഞ്ചിനിയെ ഇറ്റലിയുടെ ഹെഡ് കോച്ചായി നിയമിക്കുന്നത്. വന്‍ തകര്‍ച്ചയില്‍ നിന്ന് അസൂറികളെ കരകയറ്റിയ മാഞ്ചിനി, ആക്രമണ ഫുട്‌ബോള്‍ ശൈലിയിലേക്ക് അവരെ മാറ്റിയിരുന്നു. ഇതിന്റെ ഫലമായിരുന്നു 2020 യൂറോ കപ്പില്‍ അസൂറികള്‍ മുത്തമിട്ടു. 1968ന് ശേഷം ആദ്യമായിട്ടായിരുന്നു ഇറ്റലി യൂറോ കപ്പില്‍ മുത്തമിട്ടത്. ഇക്കാലയളവില്‍ തുടര്‍ച്ചയായ 37 മത്സരങ്ങള്‍ തോല്‍വി അറിയാതെ ഇറ്റലി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍, 2022 ലോകകപ്പിന് യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് റോബര്‍ട്ടോ മാഞ്ചിനിക്ക് മേല്‍ സമ്മര്‍ദ്ദമേറി. യൂറോ കപ്പ് ചാമ്പ്യന്‍മാരായിട്ടും ഇതിന് പിന്നാലെ ലോകകപ്പിന് യോഗ്യത ലഭിക്കാത്തത് ഇറ്റലിയില്‍ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് അടുത്തിടെ മാഞ്ചീനി ഇറ്റാലിയന്‍ പരിശീലകപദവി ഒഴിഞ്ഞത്.
Roberto Mancini set to become Saudi Arabia national team head coach


