ആർഎസ്എസ് പ്രാന്ത പ്രചാരകരുടെ വാർഷികയോഗം ജൂലൈ പന്ത്രണ്ടിന് ജാർഖണ്ഡിലെ റാഞ്ചിയിൽ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുഖ്യാതിഥിയായിരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ മെയ്-ജൂൺ മാസങ്ങളിലായി നടത്തിയ ആർഎസ്എസ് പരിശീലന ക്യാംപുകളുടെ വിലയിരുത്തൽ റിപോർട്ടുകൾ പ്രാന്ത് പ്രചാരകർ അവതരിപ്പിക്കുമെന്ന് ആർഎസ്എസ് ദേശീയ വക്താവ് സുനിൽ അമ്പേകർ പ്രസ്താവനയിൽ അറിയിച്ചു.
|
ആർഎസ്എസിന്റെ വരുംവർഷത്തെ പദ്ധതികൾ അടക്കമുള്ള വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാവും. സർസംഘ്ചാലക് മോഹൻ ഭാഗവതിന്റെ 2024-25 വർഷത്തെ യാത്രാപദ്ധതികളും ആർഎസ്എസിന്റെ നൂറാംവാർഷിക പദ്ധതികളും സമ്മേളനം ചർച്ച ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസാബേൽ, ജോയിന്റ് സെക്രട്ടറിമാരായ കൃഷ്ണ ഗോപാൽ, സി ആർ മുകുന്ദ, ആർഎസ്എസിന്റെ ബിജെപിയിലെ കോഓഡിനേറ്റർ അരുൺ കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ രാം ദത്ത്, അലോക് കുമാർ, അതുൽ ലിമായി തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സുനിൽ അമ്പേകർ കൂട്ടിച്ചേർത്തു. 46 പ്രവിശ്യകൾ ആണ് ആർഎസ്എസിനുള്ളതെന്നും രാജ്യത്തുടനീളമുള്ള എല്ലാ പ്രാന്ത പ്രചാരകരും യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.





