03
Apr 2023
Sat
03 Apr 2023 Sat

ചെന്നൈ: മലയാളികളായ അദ്ധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയ്ക്ക് പിന്നാലെ ചെന്നൈ കലാക്ഷേത്രയിൽ വിദ്യാർത്ഥികൾ സമരത്തിൽ. ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നത്. കലാക്ഷേത്രയിലെ അധ്യാപകരായ ഹരിപദ്മൻ, ശ്രീനാഥ്, സായികൃഷ്ണൻ, സഞ്ജിത് ലാൽ എന്നിവരെ ഉടൻ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്. 100 വിദ്യാർഥികളാണ് പരാതിയുമായി രംഗത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയിൽ ഹരി പത്മനെതിരെ സ്ത്രീ പീഡന നിരോധന നിയമപ്രകാരം വെള്ളിയാഴ്ച കേസെടുത്തു. അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്നുള്ള നൂറ് വിദ്യാർത്ഥികൾ നാല് അധ്യാപകർക്കെതിരെ പരാതിയുമായി തമിഴ്‌നാട് വനിതാ കമ്മീഷനെ സമീപിച്ചു. അധ്യാപകർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും അശ്ലീലമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരത്തെ തുടർന്ന് കോളേജ് അടച്ചു.

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എ.എസ് കുമാരി വെള്ളിയാഴ്ച കാമ്പസിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2008 മുതൽ കാമ്പസിൽ പീഡനം നേരിട്ടതായി പല വിദ്യാർത്ഥികളും പറഞ്ഞു. ലൈംഗികാതിക്രമം ഉൾപ്പെടെ നൂറോളം പരാതികൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം ഞങ്ങൾ നടപടിയെടുക്കുമെന്നും എ.എസ് കുമാരി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക