മിസോറമില്‍ ഇനി പുതിയ സര്‍ക്കാരും പുതിയ മുഖവും; ഇസഡ്.പി.എം ഭരണം ഉറപ്പിച്ചു
|
ഐസ്വാള്‍: മിസോറമില്‍ ഭരണകക്ഷിയായ എം.എന്‍.എഫിന് വന്‍തിരിച്ചടി നല്‍കി പുതിയ പാര്‍ട്ടിയായ ഇസഡ്.പി.എമ്മിന്റെ വന്‍ മുന്നേറ്റം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 2017ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി വന്‍ ലീഡോടെയാണ് മുന്നേറുന്നത്.
40 സീറ്റുകളില്‍ 29 ഇടത്തും ഇസഡ്.പി.എമ്മാണ് നിലവില്‍ മുന്നില്‍. ഭരണകക്ഷിയായ എം.എന്‍.എഫ്. ഏഴിടത്ത് മാത്രമാണ് മുന്നിലുള്ളത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വന്‍ഭൂരിപക്ഷത്തില്‍ സഡ്.പി.എമ്മിന് സംസ്ഥാനത്ത് അധികാരത്തിലേറാം. കോണ്‍ഗ്രസ് ഒരിടത്തും ബിജെപി മൂന്നിടത്തും മുന്നിട്ടുനില്‍ക്കുന്നുണ്ട്.
പോസ്റ്റല്‍ വോട്ടുകള്‍ ആദ്യമെണ്ണി. പിന്നാലെ ഇ.വി.എം. വോട്ടുകളും എണ്ണി. മിസോറമില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് വോട്ടെണ്ണലിന് മുന്‍പുതന്നെ ഇസഡ്.പി.എം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ഡുഹോമ പ്രഖ്യാപിച്ചിരുന്നു. സേര്‍ഛിപില്‍നിന്നാണ് ഇദ്ദേഹം ജനവിധി തേടിയത്.
അതിനിടെ മിസോറമില്‍ അടുത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കും ബി.ജെ.പിയെന്ന് സംസ്ഥാന പ്രസിഡന്റ് വാന്‍ലാല്‍മുകയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബി.ജെ.പി. മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
കക്ഷിനില:
ഇസഡ്.പി.എം- 29
എംഎന്‍എഫ്- 7
ബിജെപി- 3
കോണ്‍ഗ്രസ്-1
കഴിഞ്ഞ തവണ എംഎന്‍എഫ് 27 സീറ്റിലും ഇസഡ്പിഎം 8 സീറ്റിലും കോണ്‍ഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമൂദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍നിന്ന് തിങ്കളാഴ്ചയിലേക്കു മാറ്റിയത്.
Ruling MNF Falls Behind In Mizoram, Opposition Takes Lead In Early Trends





