26
Jan 2024
Thu
26 Jan 2024 Thu

സാദിയോ മാനേ വിവാഹിതയായി; അറിയാം സെനഗല്‍ സൂപ്പര്‍ താരത്തിന്റെ വിവാഹ വിശേഷങ്ങള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി പ്രീമിയര്‍ ക്ലബ്ബായ അല്‍ നസറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹ കളിക്കാരനായ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ വിവാഹിതനായി. ദീര്‍ഘകാല പ്രണയിനി ഐഷ താംബയാണ് വധു. സെനഗലിലെ ധാക്കറിലെ കെയുര്‍ മസാറിലായിരുന്നു വിവാഹ ചടങ്ങ്. മികച്ച കളിക്കാരനെന്നതോടൊപ്പം ജീവകാരുണ്യ, മനുഷ്യ സ്‌നേഹിയായും അറിയിപ്പെടുന്ന മാനേ ജന്മനാടായ സെനഗലിലെ ബാംബലിയില്‍ സ്‌റ്റേഡിയം നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം നിറവേറ്റിയ ശേഷമാണ് വിവാഹിതനായത്.

സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, മുന്‍ താരങ്ങള്‍, സെനഗല്‍ ദേശീയ ടീമിലെ നിലവിലെ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ലിവര്‍പൂള്‍ താരമായ മാനെ, ഈ മാസം ആദ്യമാണ് തന്റെ ജന്മനാടായ ബംബാലിയില്‍ നിര്‍മിച്ച സ്റ്റേഡിയം നാടിനായി സര്‍പ്പിച്ചത്. വിവാഹദിവസം, വെള്ളയും ചാരനിറവുമുള്ള വസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഐഷയുടെയും വെള്ള ഖമീസ് അണിഞ്ഞുനില്‍ക്കുന്ന മാനെയുടേയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

സെനഗലിലെ കസാമാന്‍ക സ്വദേശിനിയാണ് ഐഷ താംബ. ഇരുവരും മദിംഗ്വെ ഭാഷ സംസാരിക്കുന്നവരാണ്. കൗമാരകാലത്തുതന്നെ മാനെയുമായി ഐഷ ഇഷ്ടത്തിലായിരുന്നു. കാമുകിയുടെ പഠനകാലത്തുതന്നെ അവളുടെയും കുടുംബത്തിന്റെയും ജീവിതച്ചെലവുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നത് മാനെയായിരുന്നു. രണ്ട് തവണ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ മാനെയുടെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ വരവേറ്റത്. പ്രിയതാരത്തിന്റെ വിവാഹത്തിനൊപ്പം സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനവും ചേര്‍ന്നതോടെ മാനേയുടെ വിവഹാം സെനഗലിന്റെ മുഴുവന്‍ ആഘോഷമായി മാറി.

അതേസമയം, നൈജറിനെതിരായ സെനഗലിന്റെ പ്രീഅഫ്‌കോണ്‍ സൗഹൃദ മത്സരത്തിനായി മാനെ അടുത്ത ദിവസം ടീമിനൊപ്പം ചേരും. ഐവറി കോസ്റ്റില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.