തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അക്തർ മിർസയെ നിയമിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ് വിഖ്യാത ബോളിവുഡ് ചലച്ചിത്രകാരനായ അക്തർ മിർസ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേയും ക്ഷണം താൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്ന് സൈദ് അക്തർ മിർസ പറഞ്ഞു.
|
കേരളത്തിലാണ് കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതെങ്കിലും ദേശീയതലത്തിൽ സ്ഥാപനം പ്രാധാന്യമർഹിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ തന്റെ നല്ല സുഹൃത്താണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചില പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിന്റെ പേരിൽ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവില്ലല്ലോ എന്നും സയ്യിദ് അക്തർ മിർസ കൂട്ടിച്ചേർത്തു.
ഇന്ന് തന്നെ കോട്ടയത്തേക്ക് പോകുമെന്നും സയ്യിദ് അക്തർ മിർസ അറിയിച്ചു. ജീവനക്കാരുമായും വിദ്യാർത്ഥികളുമായും നേരിട്ട് ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ജാതി വിവേചനത്തിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കര്‍ മോഹൻ രാജിവച്ച ഒഴിവിലേക്ക് താത്കാലിക ഡയറക്ടറായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിനാൻസ് ഡയറക്ടർ ഷിബു എബ്രഹാമിനെ നിയമിച്ചിരുന്നു.





