18
Nov 2024
Fri
18 Nov 2024 Fri
ABDUL SALAM BAQAVI ABDUL HAKEEM FAIZY ADRUSSERY

കോഴിക്കോട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരിക്കാന്‍ വേണ്ടി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി പല തവണ പ്രാര്‍ഥിച്ചുവെന്നും അവര്‍ ഞങ്ങളെ പാണക്കാട് സനേഹം പഠിപ്പിക്കാന്‍ വരേണ്ടെന്നും സമസ്ത നേതാവ്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സമസ്ത മുശാവറ അംഗം സലാം ബാഖവിയാണ് വിവാദ പരാമര്‍ശം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വളാഞ്ചേരി മര്‍ക്കസുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളില്‍ പാണക്കാട് തങ്ങള്‍ അവിടത്തെ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന ആള്‍ക്ക് പിന്തുണ കൊടുത്തതാണ് ഹക്കീം ഫൈസിയെ പ്രകോപിപ്പിച്ചതെന്നും സലാം ബാഖവിയുടെ പ്രസംഗത്തില്‍ പറയുന്നു.

ALSO READ: മഹല്ലുകളുടെ ഖാളി സ്ഥാനത്തിരിക്കേണ്ടത് രാഷ്ട്രീയക്കാരല്ല; പാണക്കാട് തങ്ങള്‍ക്കെതിരേ ഒളിയമ്പെയ്ത് ഉമര്‍ ഫൈസി മുക്കം

‘നിങ്ങള്‍ ഞങ്ങള്‍ക്ക് പാണക്കാട് സ്‌നേഹം പഠിപ്പിക്കാന്‍ വരണ്ട. നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ക്കറിയാം. ബഹുമാനപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കേരളത്തിലെ മുസ്ലിം ഉമ്മത്ത് മനസ്സിന്റെ മാണിക്യ കൊട്ടാരത്തില്‍ ചുമന്നിട്ടുള്ള മഹാനാണ്. അദ്ദേഹം മരിച്ചു കിട്ടാന്‍ ദുആ ചെയ്ത മനുഷ്യനല്ലേ നിങ്ങള്‍. നിങ്ങള്‍ക്ക് തെളിവ് വേണമെങ്കില്‍ തരാം. ശിഹാബ് തങ്ങള്‍ മരിച്ചുകിട്ടാന്‍ ദുആ ചെയ്യാന്‍ നിങ്ങള്‍ സ്ഥിരമായി വളാഞ്ചേരി മര്‍ക്കസിലെ കുട്ടികളോട് പറഞ്ഞിരുന്നില്ലേ. ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞാല്‍, പാണക്കാട് ശിഹാബ് തങ്ങള്‍ മരിച്ചുകിട്ടാന്‍ പ്രാര്‍ഥിക്ക് എന്ന് പറയും. 2010 ജൂലൈ 4ന് പൂക്കിപ്പറമ്പ് ഹൈദ്രോസ് മുസ്ല്യാര്‍ സ്്മാരക വാഫി കോളജില്‍ ഒരു ലഡു വിതരണം നടന്നു. എന്തിന്റെ പേരിലായിരുന്നു ആ ലഡു വിതരണം. ഞങ്ങളിപ്പോള്‍ അത് പറയുന്നില്ല. അത് പറഞ്ഞാല്‍ നിങ്ങളുടെ ഭാവി ഇവിടെയൊന്നും ആയിരിക്കില്ല. ഹക്കീം ഫൈസിയുടെ വലം കൈയായയ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലാണ് ലഡു വിതരണം ചെയ്തത്. വളാഞ്ചേരി മര്‍ക്കസിന്റെ ഇപ്പോഴത്തെ സെക്രട്ടറിയായ ആസാദിന്റെ പിതാവ് കുഞ്ഞുട്ടി സാഹിബുമായുള്ള ചില പ്രശ്‌നങ്ങളാണ് പാണക്കാട് തങ്ങള്‍ക്കെതിരേ തിരിയാന്‍ കാരണം. കുഞ്ഞുട്ടി സാഹിബിന് പാണക്കാട് തങ്ങള്‍ പല വിഷയങ്ങളിലും പിന്തുണ കൊടുക്കും. അത് ഇയാള്‍ക്ക് സഹിക്കില്ല”- സലാം ബാഖവി പ്രസംഗത്തില്‍ പറഞ്ഞു.

ചെറിയ ഇടവേളയ്ക്ക് ശേഷം സമസ്ത – ലീഗ് പ്രശ്‌നം വീണ്ടും വഷളാവുന്നതിനിടെയാണ് കോഴിക്കോട്ട് എസ്‌കെഎസ്എസ്എഫ് സമ്മേളനം നടന്നന്നത്. സമ്മേളനത്തില്‍ ലീഗിന് അനഭിമതരായ ഉമര്‍ ഫൈസി മുക്കം, സത്താര്‍ ഫൈസി പന്തല്ലൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിച്ചിരുന്നു. മിക്ക പ്രസംഗങ്ങളും ലീഗ് നേതാവ് കെഎം ഷാജി ഉള്‍പ്പെടെയുള്ളവരെ പരോക്ഷമായി വിമര്‍ശിക്കുന്നവയായിരുന്നു.

സിഐസിയുമായി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) ബന്ധപ്പെട്ട വിഷയങ്ങളാണ് മുസ്ലിം ലീഗും സമസ്തയിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാക്കിയിരിക്കുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേരിട്ട് മുന്‍കൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വന്നതാണ് ഇപ്പോള്‍ പ്രശ്‌നം വീണ്ടും രൂക്ഷമാവാന്‍ ഇടയായത്. സിഐസിയുടെ അധ്യക്ഷനാണ് സാദിഖലി തങ്ങള്‍. ജിഫ്രി തങ്ങള്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയ ഇ.കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ ഹക്കീം ഫൈസി അദൃശ്ശേരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

അദൃശ്ശേരി ഭാരവാഹിയായി തുടരുമ്പോള്‍ സിഐസിയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു സമസ്തയിലെ ഒരു വിഭാഗം. ഇതിനെ തുടര്‍ന്നായിരുന്നു ആദ്യശ്ശേരിയെ മാറ്റിയത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുന്‍കൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ സമസ്തയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.