മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്ത് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. (It is not the politicians who should be in the Khali position of Mahals; Umar Faizi Mukkam against Panakkad Sadikali Thangal) മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്നും രാഷ്ട്രീയക്കാരല്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. നിരവധി മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെതിരേയാണ് ഉമര്‍ ഫൈസിയുടെ പരോക്ഷ വിമര്‍ശനം.
|
”കിതാബ് നോക്കി മതവിധി പറയാന്‍ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്ക് വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഇവരെ ഖാളി ആക്കാന്‍ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിരു വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ജനങ്ങളോട് തുറന്നു പറയും”- അദ്ദേഹം പറഞ്ഞു.
ALSO READ: കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
സാദിഖലി തങ്ങള്‍ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമര്‍ ഫൈസി രംഗത്തെത്തി. സിഐസി(കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) വിഷയത്തില്‍ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകള്‍ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമര്‍ ഫൈസി മുക്കം ഓര്‍മപ്പെടുത്തി. ഖാളി ഫൗണ്ടേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ച് പോകുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.
ഒരു ഇടവേളയ്ക്ക് ശേഷമാണ് സമസ്ത സെക്രട്ടറിയും മുശാവറ അംഗവുമായ ഉമര്‍ ഫൈസി മുക്കം മുസ്ലിം ലീഗിനെതിരേ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലീഗ് നേതാക്കള്‍ക്കെതിരേ ഉമര്‍ ഫൈസി നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
സമസ്ത വിലക്കിയ ഇതര പ്രസ്ഥാനക്കാരുടെ പരിപാടികളില്‍ ലീഗ് നേതാക്കള്‍ പങ്കെടുക്കുന്നു, സിഐസി വിഷയത്തില്‍ സമസ്തയ്ക്ക് എതിര് പ്രവര്‍ത്തിച്ചു, കാര്യങ്ങള്‍ തുറന്നു പറയുന്നവരെ സഖാവാക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉമര്‍ ഫൈസി ഉന്നയിച്ചത്.


