06
Oct 2023
Fri
06 Oct 2023 Fri

ചേര്‍ത്തല: ക്ഷേത്രത്തില്‍ പൂജാ കര്‍മം പഠിക്കാനെത്തയ പത്തു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ശാന്തിക്കാരന് 111 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും. പൂച്ചാക്കല്‍ പാണാവള്ളി വൈറ്റിലശേരി വീട്ടില്‍ രാജേഷി(42)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണപ്പുറത്തിനു സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന രാജേഷിന്റെ അടുക്കല്‍ പൂജാ കര്‍മം പഠിക്കാന്‍ വന്നതായിരുന്നു കുട്ടി. പിറ്റേ ദിവസം പുലര്‍ച്ചെ പൂജയുണ്ടെന്നും അതില്‍ സഹായിക്കാനാണെന്നും പറഞ്ഞ് പ്രതി കുട്ടിയുടെ അച്ഛനോട് അനുവാദം വാങ്ങി 10 വയസ്സുകാരനെ സംഭവദിവസം രാത്രിയില്‍ ശാന്തി മഠത്തില്‍ താമസിപ്പിക്കുകയായിരുന്നു.

രാത്രി ശാന്തിമഠത്തില്‍വച്ച് പ്രതി പത്തുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. എതിര്‍ത്തപ്പോള്‍ ഇയാള്‍ കുട്ടിയുടെ നെഞ്ചത്തടിക്കുകയും കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. ആറു വയസുകാരനായ മറ്റൊരു കുട്ടിയും അന്നേദിവസം പൂജ പഠിക്കാനായി ശാന്തിമഠത്തില്‍ ഉണ്ടായിരുന്നു. ആറുവയസുകാരനെ രാത്രി മൂത്രമൊഴിപ്പിച്ച് കിടത്താനായി വന്ന കുട്ടിയുടെ പിതാവാണ് പീഡനത്തിനിരയായ ശേഷം കരഞ്ഞുകൊണ്ടിരിക്കുന്ന പത്തുവയസുകാരനെ ആദ്യം കണ്ടതും വീട്ടില്‍ എത്തിക്കുകയും ചെയ്തത്.

സംഭവത്തില്‍ 2020 ഡിസംബര്‍ 30നാണ് പൂച്ചാക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ ഹാജരാക്കി. മുഴുവന്‍ സാക്ഷികളെയും വിസ്തരിച്ചു. ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോള്‍ പ്രതി നഗ്‌നനായി നില്‍ക്കുന്നത് കണ്ട ആറു വയസുകാരന്റെ മൊഴി നിര്‍ണായക തെളിവായി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക ഇരയായ കുട്ടിക്കു നല്‍കണം. അല്ലാത്തപക്ഷം ആറു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ചേര്‍ത്തലയില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായുള്ള പ്രത്യേക അതിവേഗ കോടതി സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും വലിയ ശിക്ഷയാണ് കേസില്‍ വിധിച്ചിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക