01
Aug 2023
Sun
01 Aug 2023 Sun

ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍, ചെന്നിത്തല സ്ഥിരം ക്ഷണിതാവ്; ആന്റണി തുടരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണ വേദിയായ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. എകെ ആന്റണിയെ നിലനിര്‍ത്തി. പുതിയതായി ശശി തരൂരും സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയില്‍ ഇടംനേടി. രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാന്‍ഡ്, പകരം പദവിയെന്ന നിലയിലാണ് അദ്ദേഹത്തെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

രമേശ് ചെന്നിത്തല പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. വീരപ്പ മൊയ്‌ലി, ഹരീഷ് റാവത്ത്, പികെ ബന്‍സാല്‍ തുടങ്ങി 18 പേരെയും സ്ഥിരം ക്ഷണിതാക്കളാക്കി. കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ ഒമ്പതു പേരാണ് പ്രത്യേക ക്ഷണിതാക്കള്‍.

ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാകുന്നതായി പ്രഖ്യാപിച്ചിട്ടും ആന്റണിയെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരും പ്രവര്‍ത്തക സമിതിയില്‍ ഇടംനേടിയതാണ് ഹൈലൈറ്റ്.

പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, ഡോ. മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, അംബികാ സോണി, മീരാകുമാര്‍, ചിദംബംരം, താരിഖ് അന്‍വര്‍, മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ്മ, കെസി വേണുഗോപാല്‍, മനു അഭിഷേക് സിങ്‌വി തുടങ്ങിയവര്‍ നേരത്തെ പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചിരുന്നു.