22
Jul 2024
Sun
22 Jul 2024 Sun
Saudi engineering localization

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ എഞ്ചിനിയറിങ് ജോലികളില്‍ സ്വകാര്യവല്‍ക്കരണം ഈ മാസം മുതല്‍ നടപ്പാവും. (Saudi Arabia to begin 25% localisation in engineering jobs ) ജൂലൈ 21 മുതലാണ് തീരുമാനം നടപ്പിലാവുകയെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ രംഗത്ത് 25 ശതമാനം സ്വദേശിവല്‍ക്കരണം നടത്തുമെന്ന് സൗദി ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. സൗദിയിലെ മുനിസിപ്പല്‍, ഗ്രാമകാര്യ, പാര്‍പ്പിട മന്ത്രാലയുമായി സഹകരിച്ചാണ് മാനവ വിഭവ ശേഷി മന്ത്രാലയം പുതിയ തീരുമാനം നടപ്പില്‍ വരുത്തുന്നത്. സൗദിയിലെ സ്വകാര്യവല്‍ക്കരണം വിവിധ മേഖലകളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കുന്നത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ തീരുമാനത്തിന്റെ ഭാഗമായി എഞ്ചിനിയറിങ് മേഖലയില്‍ അഞ്ചോ അധിലധികമോ ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ 25 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കേണ്ടി വരും. സ്വദേശിവല്‍ക്കരണം സുഗഗമായി നടപ്പിലാക്കാനുള്ള വിവിധ നടപടികള്‍ മുനിസിപ്പല്‍, ഗ്രാമകാര്യ, പാര്‍പ്പിട മന്ത്രാലയം കൈകൊള്ളും. സൗദി പൗരന്‍മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കുകയും, സപ്പോര്‍ട്ട് പ്രോഗ്രാമുകള്‍ ആരംഭിക്കുകയും ചെയ്യും.

നിതാഖാത് എന്ന പേരില്‍ സൗദിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വദേശിവല്‍ക്കരണം നടത്തി വരികയാണ്. ഇതിന്റെ ഏറ്റവും പുതിയ ഘട്ടമെന്ന നിലയിലാണ് എഞ്ചിനീയറിങ് മേഖലയിലും 25 ശതമാനം സ്വദേശിവല്‍ക്കരണം വന്നിരിക്കുന്നത്. ഇത് മലയാളികളുള്‍പ്പടെയുള്ള പ്രവാസികളെ കാര്യമായി ബാധിക്കും.

മാര്‍ച്ച് മാസത്തില്‍ കണ്‍സള്‍ട്ടിങ് സേവനങ്ങളിലെ സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിങ്, ഹെല്‍ത്ത് കണ്‍സള്‍ട്ടിങ്, സീനിയര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് 40 ശതമാനം സ്വദേശില്‍വല്‍ക്കരണം നടപ്പിലാക്കുക.

ആദ്യ ഘട്ടത്തില്‍ 35 ശതമാനം സ്വദേശിവല്‍ക്കരണമാണ് മേഖലയില്‍ പ്രഖ്യാപിച്ചിരുന്നത്. സെയില്‍സ്, പര്‍ച്ചേസ്, പ്രൊജക്ട് മാനേജ്‌മെന്റ് തുടങ്ങിയ ജോലികളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്.