08
Mar 2023
Tue
08 Mar 2023 Tue

റിയാദ്: നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെത്തുടർന്ന് ജയിലിലടക്കപ്പെട്ട ഇന്ത്യക്കാരന്റെ മോചനത്തിനായി മനുഷ്യസ്‌നേഹിയായ സൗദി അറേബ്യൻ പൗരൻ പത്തുദിവസം കൊണ്ട് ശേഖരിച്ചത് രണ്ടുകോടി രൂപ. റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ അൽഹസാത്ത് റോഡിൽ സൗദി യുവാവും കുടുംബവും അപകടത്തിൽ മരിച്ച കേസിൽ അൽഹസാത്ത് ജയിലിൽ കഴിയുന്ന യു.പി സ്വദേശി അവദേശ് സാഗറിന്റെ (51) മോചനത്തിനാണ് റിയാദ് സ്വദേശിയായ ഹാദി ബിൻ ഹമൂദ് ബിൻ ഹാദി അൽഖഹ്താനിയുടെ ഇടപെടൽ. സാമൂഹിക മാധ്യമങ്ങൾ വഴി അവദേശിന്റെ മോചനത്തിന് 9,55,000 റിയാൽ (രണ്ടുകോടി യിലേറെ ഇന്ത്യൻ രൂപ) മോചനദ്രവ്യം കണ്ടെത്തിയ ഇദ്ദേഹം റിയാദ് ഗവർണറേറ്റ് വഴി കുടുംബത്തിന് പണം കൈമാറി.

2021 മെയ് 14 നാണ് കേസിനാസ്പദമായ സംഭവം. അൽഹസാത്ത് റോഡിലെ ഖൈമിൽ അവദേശ് ഓടിച്ചിരുന്ന വെള്ളം കൊണ്ടുപോകുന്ന ടാങ്കർ സൗദി പൗരൻ ഓടിച്ചിരുന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് റോഡിൽ നിന്ന് തെറിച്ചുപോവുകയും ഡ്രൈവറും അദ്ദേഹത്തിന്റെ മാതാവും രണ്ടു സഹോദരിമാരും മരിക്കുകയും ചെയ്തു. ഹൗസ് ഡ്രൈവർ വിസയിലായിരുന്ന ഇദ്ദേഹത്തിന് ലൈസൻസോ വാഹനത്തിന് ഇൻഷുറൻസോ ഉണ്ടായിരുന്നില്ല. അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ഇദ്ദേഹത്തിനാണെന്നായിരുന്നു ട്രാഫിക് പോലീസ് റിപ്പോർട്ട്.

കേസ് അൽഖുവയ്യാ പബ്ലിക് കോടതിയിലെത്തുകയും കോടതി മരിച്ചവരുടെ അനന്തരാവകാശികൾക്ക് 7,50,000 റിയാലും പരിക്കേറ്റ സ്ത്രീക്ക് 1,55,000 റിയാലും നൽകാൻ ഉത്തരവിട്ടു. പണം നൽകുന്നത് വരെ ഇദ്ദേഹത്തെ അൽഹസാത്ത് ട്രാഫിക് ജയിലിലേക്ക് അയച്ചു. ഭാര്യ സുശീല ദേവിയും 10 മക്കളുമടങ്ങുന്ന കുടുംബത്തിന് സ്വന്തമായി വീടുപോലുമുണ്ടായിരുന്നില്ല. ഇതിനിടെ ഇയാളുടെ രണ്ട് പെൺകുട്ടികൾ മരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ രക്ഷിക്കുന്നതിന് അവദേശിന്റെ കുടുംബം സർക്കാറുകളെയും മറ്റും സമീപിച്ചു. ഒരു ഫലവുമുണ്ടായിരുന്നില്ല.

ഇതിനിടെ ചില പോലീസുകാർ വഴി ഇദ്ദേഹത്തിന്റെ വിവരം സൗദി സാമൂഹിക പ്രവർത്തകനായ ഹാദി അൽഖഹ്താനി അറിഞ്ഞത്. ജയിലിൽ ചെന്ന് അവദേശിനെ കണ്ട് വിശദവിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഇദ്ദേഹം അൽഹസാത്ത് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരന്റെ മോചനദ്രവ്യത്തിന് വേണ്ടിയെന്ന പേരിൽ സംഭാവന പിരിക്കുന്ന കാമ്പയിൻ സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങി. റിയാദ് ഗവർണറേറ്റിന്റെ അനുമതിയോടെ അൽറാജ്ഹി ബാങ്കിൽ അക്കൗണ്ടും തുറന്നു. പത്ത് ദിവസം കൊണ്ട് ഉദ്ദേശിച്ച പണം ലഭിച്ചതോടെ അക്കൗണ്ട് ക്ലോസ് ചെയ്തു. ആവശ്യമായ പണം ലഭിച്ചിട്ടുണ്ടെന്നും സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പറഞ്ഞ് പിന്നാലെ അദ്ദേഹം വീഡിയോ ഷെയർ ചെയ്തു.

പണംലഭ്യമായതോടെ വൈകാതെ അവദേശ് മോചിതനാകും. ഇന്ത്യക്കാരന് വേണ്ടി സൗദി പൗരന്മാർ നടത്തുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തെ ഗൾഫിലെ മാധ്യമപ്രവർത്തകൻ നജീം ആണ് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്.