22
Jul 2024
Tue
22 Jul 2024 Tue
saudi court cancels capital punishment of Rahim

റിയാദ്- വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടൻ. കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിക്കുകയും ഇതോടെ വധശിക്ഷ കോടതി റദ്ദാക്കുകയുമായിരുന്നു. ഇന്ന് കോടതിയിൽ എത്തിയാണ് കുടുംബം മോചനദ്രവ്യം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാനുള്ള സമ്മതം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട ഒരുകോടി അമ്പതുലക്ഷം റിയാലിന്റെ (ഏകദേശം 35 കോടി രൂപ) ചെക്ക് നേരത്തെ തന്നെ കോടതിയിൽ ഇന്ത്യൻ എംബസി വഴി എത്തിച്ചിരുന്നു. ദിയാധനം സ്വീകരിച്ച് റഹീമിന് മാപ്പു നൽകാൻ തയ്യാറാണെന്ന് അറിയിച്ചുള്ള കുടുംബത്തിന്റെ സമ്മതപത്രം റിയാദ് ഗവർണറേറ്റിന് കോടതി കൈമാറും. ഇതോടെ റഹീമിനെ ജയിലിൽനിന്ന് മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കും. അബ്ദുൽ റഹീമിനെയും ഇന്ന് കോടതിയിൽ ഓൺലൈൻ വഴി ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസവും റഹീമിനെ കോടതിയിൽ കൊണ്ടുവന്നിരുന്നെങ്കിലും മുഴുവൻ കക്ഷികളും എത്താത്തതിനാൽ കോടതി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അറ്റോർണി സിദ്ദിഖ് തുവ്വൂർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി എന്നിവർ കോടതിയിൽ ഹാജരായിരുന്നു.

അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യൻ റിയാൽ റിയാദ് ഗവർണറേറ്റിന് ഇന്ത്യൻ എംബസി കഴിഞ്ഞ മാസം മൂന്നിനാണ് റിയാദ് ഗവർണറേറ്റ് വഴി റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറിയത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, റഹീം കേസിലെ അറ്റോർണി സിദ്ദീഖ് തുവ്വൂർ എന്നിവർ റിയാദ് ഗവർണറേറ്റിലെത്തിയാണ് റിയാദ് ക്രമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള 15 മില്യൻ റിയാലിന്റെ ചെക്ക് ജൂൺ മൂന്നിന് കൈമാറിയത്. വാദി ഭാഗം അഭിഭാഷകനും ആ ദിവസം ഗവർണറേറ്റിലെത്തിയിരുന്നു.

വധശിക്ഷയിലെ സ്വകാര്യ അവകാശം പിൻവലിച്ച് അനുരഞ്ജന കരാറിൽ വാദി, പ്രതിഭാഗം പ്രതിനിധികൾ ഒപ്പുവെച്ച ശേഷമാണ് ചെക്ക് കൈമാറിയത്. ദിയാധനം സ്വീകരിച്ച് വധശിക്ഷ എന്ന ആവശ്യത്തിൽനിന്ന് പിന്മാറുന്നുവെന്ന കാര്യം കുടുംബം കോടതിയെയും ഇന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. വധശിക്ഷ എന്ന കുടുംബത്തിന്റെ ആവശ്യത്തിൽ നിന്ന് മോചനദ്രവ്യത്തിലേക്ക് വഴി തുറന്ന വാദിഭാഗം അഭിഭാഷകന് നേരത്തെ നിശ്ചയിച്ച ഏഴര ലക്ഷം റിയാൽ സഹായ സമിതി ചെയർമാൻ സിപി മുസ്തഫ നേരത്തെ കൈമാറിയിരുന്നു.
വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്നുപോയ അനസ് അൽ ശഹ്റി എന്ന പതിനെട്ടുകാരൻ മരിച്ച സംഭവത്തിലാണ് അബ്ദുൽ റഹീം ജയിലിലായത്.

2006 ഡിസംബർ 24ന് ആണ് അനസ് മരിച്ചത്. അനസ് അൽ ശഹ്റി എന്ന പതിനെട്ടുകാരനെ പരിചരിക്കലും വാഹനത്തിൽ പുറത്തേക്ക് കൊണ്ടുപോകലും തിരിച്ചെത്തിക്കലുമായിരുന്നു അബ്ദുൽ റഹീമിന്റെ ജോലി. അനസ് വൈദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. സംഭവദിവസം അനസുമായി പുറത്തുപോയ റഹീമിനോട് അനസ് റെഡ് സി​ഗ്നൽ മറികടന്നുപോവാൻ ആവശ്യപ്പെടുകയും ഇതു നിരസിച്ചതിന് അസഭ്യം പറയുകയും ചെയ്തു. നിരന്തരമുള്ള അസഭ്യം കേട്ട് സഹികെട്ട റഹീം പെട്ടെന്നുള്ള പ്രകോപനത്തിൽ അനസിന്റെ മുഖത്തുഘടിപ്പിച്ചിരുന്ന ഉപകരണം തട്ടിമാറ്റുകയും ഇതുമൂലം യുവാവ് മരിക്കുകയുമായിരുന്നു. ഇതോടെ പരിഭ്രാന്തനായ റഹീം പിടിച്ചുപറിസംഘം തങ്ങളെ ആക്രമിച്ചുവെന്ന കള്ളക്കഥ മെനയുകയും പോലീസ് അന്വേഷണത്തിൽ ഇതു പൊളിയുകയും ചെയ്തു. അനസ് മരിച്ച തൊട്ടടുത്ത ദിവസം തന്നെ റഹീം ജയിലിലാവുകയും ചെയ്തു.

കേസ് പരിഗണിച്ച കോടതി റഹീമിന് വധശിക്ഷ വിധിക്കുകയും ചെയ്തു.  റഹീമിന്റെ വധശിക്ഷയ്ക്കെതിരേ അപ്പീൽ പോയെങ്കിലും സുപ്രീം കോടതി തള്ളിയിരുന്നു. കേസ് കോടതിയിൽ നടക്കുന്നതിനിടെ നിരവധി ഘട്ടങ്ങളിൽ വിവിധ തലങ്ങളിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. കൊല്ലപ്പെട്ട അനസിന്റെ പിതാവ് ഫായിസ് അൽ ശഹ്രിയുമായി തുടക്കത്തിൽ തന്നെ റഹീം നിയമസഹായ സമിതിയുടെ നേതാക്കൾ പല തവണ നേരിട്ട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സംസാരിച്ചത്. ഇതിനിടെ 2013-ൽ റോഡ് അപകടത്തിൽ അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല അൽ ശഹ്‌രി മരണപെട്ടത് റഹീമിന്റെ കേസ് അനിശ്ചിതമായി നീളാൻ മറ്റൊരു കാരണമായി. ഇതോടെ പിതാവിനെ ബന്ധപ്പെട്ടുള്ള ചർച്ച നിലച്ചു. മരിച്ച അനസിന്റെ ഉമ്മ, ജ്യേഷ്ഠ സഹോദരൻ, അനിയൻ എന്നിവരായിരുന്നു പിന്നീട് വാദിഭാഗത്തുണ്ടായിരുന്നത്.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലയാളിയായ യൂസഫ് കാക്കഞ്ചേരിയും വിഷയത്തിൽ സജീവമായി ഇടപെട്ടു. എംബസി പ്രതിനിധിയെന്ന നിലയ്ക്ക് അഭിഭാഷകർക്കൊപ്പം മികച്ച രീതിയിലാണ് അദ്ദേഹം തുടക്കം മുതൽ കേസിൽ ഇടപ്പെട്ടത്. കേസിൽ അന്തിമ വിധി വന്നതോടെയാണ് റഹീമിനെ എന്തുവില കൊടുത്തും രക്ഷിക്കണമെന്ന തീരുമാനം റിയാദിലെ മലയാളി സമൂഹവും റഹീമിന്റെ കുടുംബവും നാട്ടുകാരും കൂട്ടായി എടുക്കുന്നത്. അതിനായി റിയാദിലെ മുഴുവൻ സംഘടനകളുടെയും യോഗം വിളിച്ചു. ആ യോഗത്തിൽ വെച്ച് കെ.എം.സി.സി നേതാവ് അഷ്റഫ് വേങ്ങാട്ട് കാര്യങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും റഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലുണ്ടാകും എന്ന ഉറപ്പു നൽകി.

മുഴുവൻ സംഘടനകളുടെയും പ്രതിനിധികളെ ചേർത്ത് റിയാദ് ആസ്ഥാനമായി സർവകക്ഷി സമിതി പുനഃസംഘടിപ്പിച്ചു. ദിയാധനം സ്വീകരിച്ച് മാപ്പു നൽകാൻ കുടുംബം തയ്യാറാകുമോ എന്ന നിലയിലാണ് ചർച്ച മുന്നോട്ടുപോയത്.ഒരു മില്യൺ റിയാലിൽനിന്നായിരുന്നു ദിയാധന ചർച്ച തുടങ്ങിയത്. 1.5 കോടി റിയാൽ നൽകിയാൽ ശ്രമിക്കാമെന്നായി അഭിഭാഷകർ. അബൂ അനസ്, മുഹമ്മദ് മുബാറക് അൽ ഖഹ്താനി എന്നിവരായിരുന്നു റഹീമിന്റെ ഭാഗത്തുനിന്നുള്ള അഭിഭാഷകർ. ഇവരാണ് ദിയാധനം സംബന്ധിച്ച ചർച്ചകളിൽ പങ്കുവഹിച്ചത്.

മറ്റൊരു ഇടപെടലും ഇക്കാര്യത്തിലുണ്ടാവരുതെന്നും ഇന്ത്യൻ എംബസിയുമായി മാത്രമായിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടർന്ന് റഹീമിന്റെ കുടുംബത്തിന്റെ പക്കൽ നിന്ന് പവർ ഓഫ് അറ്റോർണി എംബസിയുടെ പേരിലാക്കി. പണം ലഭ്യമാക്കാൻ ലോകമൊട്ടുക്ക് പിരിവ് നടന്നു. അതിവേഗതയിൽ പണം ലഭ്യമാകുകയും റഹീമിന്റെ മോചനം യാഥാർഥ്യമാകുകയും ചെയ്തു. മലയാളി വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ കേരളത്തുടനീളം പിരിവ് നടന്നിരുന്നു. ഒരുകോടി രൂപയാണ് ബോബി ചെമ്മണ്ണൂർ റഹീമിന്റെ മോചനത്തനായി സംഭാവന ചെയ്തത്.